രാജാക്കാട്: ഒരു മാസമാകുന്നു രാജാക്കാട് വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാതായിട്ട്. ചുമതലയുള്ള വനിതാ ഓഫീസർ അവധിയെടുത്ത് പോയതിനെ തുടർന്നാണ് പ്രദേശവാസികൾ ദുരിതത്തിലായത്. മുമ്പുണ്ടായിരുന്ന ഓഫീസർ ഒരു മാസത്തിൽ താഴെയാണ് ജോലി ചെയ്തത്. അദ്ദേഹം സ്ഥലം മാറി പോയതിനെ തുടർന്നാണ് വനിത ഓഫീസറെത്തിയത്. എന്നാൽ ഇവർ അവധിയെടുത്ത് പോയതിനെ തുടർന്ന് രാജകുമാരി വില്ലേജാഫീസർക്കാണ് നിലവിൽ ചുമതല. അത്യാവശഘട്ടങ്ങളിൽ വിളിക്കുമ്പോഴാണ് അദ്ദേഹം രാജാക്കാട് ഓഫീസിലെത്തുക. നിരവധി ആവശ്യങ്ങൾക്കായി പലപ്പോഴും ഓഫീസിലെത്തുന്നവർ നിരാശരായിട്ടാണ് മടങ്ങുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചാൽ അത് ലഭിക്കാൻ ഉദ്യോഗസ്ഥർ വേണ്ടപ്പെട്ട രേഖകളുമായി രാജകുമാരി ഓഫീസിൽ എത്തേണ്ട സ്ഥിതിയാണ്. ഇപ്പോൾ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഓഫീസിൽ നിന്ന് പട്ടയ സംബന്ധമായ പരിശോധനകൾ നടത്തുന്നതിനായി ജീവനക്കാർക്ക് ഫീൽഡ് സന്ദർശനം നടത്തേണ്ടതിനാൽ ഓഫീസിൽ ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.