തൊടുപുഴ: 2018ലെ പ്രളയത്തിൽ എല്ലാം തകർന്ന ഇടുക്കിയിൽ സർക്കാർ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജ് വഞ്ചിക്കാനാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ തൊടുപുഴയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ മരടിലെ ഫ്ളാറ്റ് പൊളിക്കാൻ കോടതി ഉത്തരവിട്ടതിനു സമാനമായ ആഗസ്റ്റ് 22 ലെ പിണറായി സർക്കാരിന്റെ ഉത്തരവ് നിലനിന്നാൽ 1500 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള ജില്ലയിലെ വീടുകൾ ഉൾപ്പെടെയുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്ന് ഡീൻ പറഞ്ഞു. ആഗസ്റ്റ് 22ലെ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഈ സമരം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്നും യു.ഡി.എഫ് സമരം ഏറ്റെടുക്കുമെന്നും ഉപവാസ സമരത്തിന് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പ്രഖ്യാപിച്ചു.
സമരത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി രാജു പാണനാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ജോയി തോമസ്, റോയി കെ. പൗലോസ്, മുസ്ലിംലീഗ് നേതാക്കളായ കെ.എം.എ ഷുക്കൂർ, എം.എസ്. മുഹമ്മദ്, സി.എം.പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.