തൊടുപുഴ: എല്ലാ വീടുകൾക്കും മാലിന്യസംസ്‌കരണ സംവിധാനം ലഭ്യമാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ ഗ്രാമമാകുന്നു പുറപ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡായ നെടിയശാല. ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും അവരുടെ ജൈവമാലിന്യങ്ങൾ ഏറ്റവും സുരക്ഷിതമായി സംസ്‌കരിക്കുന്നതിനും വളമാക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജില്ലാ ഹരിതകേരളം മിഷനും ഗാന്ധിജി സ്റ്റഡി സെന്ററും തൊടുപുഴ ലയൺസ് ക്ലബ്ബും ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നെടിയശാല വാർഡിൽ ആകെ 235 കുടുംബങ്ങളാണ് ഉള്ളത്. ഈ കുടുംബങ്ങൾക്കെല്ലാം തികച്ചും പ്രകൃതി സൗഹൃദ സംവിധാനമായ ബയോ ഡൈജസ്റ്റർ പോട്ടുകളാണ് നൽകുന്നത്. പുതിയ മാലിന്യ പരിപാലന സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നതിനുള്ള പി.ജെ. ജോസഫ് എം.എൽ.എയുടെ സ്വപ്ന പദ്ധതിയാണിത്. ഇതിന് മുന്നോടിയായി വാർഡിൽ വിപുലമായ ബോധവത്കരണം നടത്തിയിരുന്നു. വാർഡ് മെമ്പർ സിനി ജസ്റ്റിന്റെ നേതൃത്വത്തിൽ ശാന്തിഗിരി കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളും ഹരിതകേരളം പ്രവർത്തകരുമുൾപ്പടെ എട്ട് സ്‌ക്വാഡുകൾ ഇതിനായി രൂപീകരിച്ചിരുന്നു. ഇവർ വാർഡിലെ എല്ലാ വീടുകളിലുമെത്തി പുതിയ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മാലിന്യസംസ്‌കരണ സംവിധാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവഹിക്കും. നെടിയശാല വടാതുരുത്തേൽ (മാരിപ്പാട്ട്) ഷിബുവിന്റെ വീടിന് സമീപം നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണി അദ്ധ്യക്ഷയാകും. പി.ജെ. ജോസഫ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തും. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും.
സംവിധാനം ഇങ്ങനെ
രണ്ടു പോട്ടുകൾ ഉൾപ്പെടുന്നതാണ് 2,000 രൂപ വിലയുള്ള ഈ മാലിന്യ സംസ്‌കരണ സംവിധാനം. വീടിനുള്ളിൽ തന്നെ സ്ഥാപിച്ച് ചെറിയ തോതിലുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോൾ തന്നെ നിക്ഷേപിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിക്ഷേപിച്ച ശേഷം അവ നല്ല ജൈവ വളമാകുന്നതിനായി അതിനു മുകളിൽ അനുയോജ്യമായ സൂക്ഷ്മാണുക്കളടങ്ങിയ ചാണകപ്പൊടിയും മണ്ണും കലർന്ന മിശ്രിതവും ഇടും. ഇത്തരത്തിലുള്ള 10 കിലോ ചാണകപ്പൊടി വീതമാണ് എല്ലാ കുടുംബങ്ങൾക്കും നൽകുന്നത്. വളമാക്കുന്നതിന് രാസപദാർത്ഥങ്ങളടങ്ങിയ പലതരം 'ഇനാക്വലം' വിപണിയിൽ ലഭ്യമാണെങ്കിലും സ്വാഭാവിക കമ്പോസ്റ്റിംഗ് രീതിയാണ് ഇവിടെ അവലംബിക്കുന്നത്.