മറയൂർ: മൂന്നാർ- മറയൂർ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശി വേലുമണിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ന് ചട്ടമൂന്നാർ ചെക്പോസ്റ്റിന് സമീപത്താണ് അപകടം ഉണ്ടായത്. അടിമാലിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കാറും സേലത്ത് നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ കാറുമാണ് വളവിൽ നേർക്കുനേർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു കാർ തിട്ടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റയാളെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറുകൾ മറയൂരിൽ നിന്ന് പൊലീസ് സംഘമെത്തിയാണ് മാറ്റിയത്. അതു വരെ നിരവധി വാഹനങ്ങൾ ഒന്നര മണിക്കൂറോളം ഗതാഗത കുരുക്കിൽപ്പെട്ടു കിടന്നു. പത്തു ദിവസത്തിനുള്ളിൽ ഈ പാതയിൽ എട്ട് അപകടങ്ങളാണ് ഉണ്ടായത്.