കട്ടപ്പന: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തിന്റെ പേരിൽ കർഷകരിൽ നിന്ന് പിടിച്ചെടുത്ത തുക ബാങ്കുകൾ തിരികെ നൽകണമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയോട് ചെറുകിട കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ മിനിമം ബാലൻസിന്റെ പേരിൽ മാത്രം ബാങ്കുകൾ കൈക്കലാക്കിയത് 10 കോടി രൂപയാണ്. അക്കൗണ്ടുകളിൽ 99% വും ചെറുകിട നാമമാത്ര കർഷകരുടെയും ചെറുകിട സംരഭകരുടേതുമാണ്. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളിലേയ്ക്ക് ലക്ഷങ്ങൾ എത്തുമെന്നുള്ള അധികാരികളുടെ പ്രലോഭനമാണ് ഇത്രയേറെ അക്കൗണ്ടുകളെടുക്കാൻ കർഷകരെ നിർബന്ധിതരാക്കിയത്. പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരിയ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. അടച്ച തുക തിരിച്ച് നൽകാൻ എസ്.എൽ.ബി.സി ചെയർമാൻ ആർ.എ ശങ്കരനാരായണനും കൺവീനർ ജി.കെ മായയും ഇടപെടണമെന്ന് ചെറുകിട സംസ്ഥാന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.