കുമളി: ശബരിമല സീസണിൽ നടപ്പാത കൈയേറി കായ് വറക്കുന്നത് ഇനി അനുവദിക്കില്ല. കുമളി പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. തിളച്ച എണ്ണയിൽ എത്തക്കായ ഇടുന്ന സമയം നടപ്പാതയിലൂടെ പോകുന്നവരുടെ ദേഹത്ത് തിളച്ച എണ്ണ വീഴാൻ സാധ്യത കൂടുതലാണ്. തമിഴ്നാട്, അന്ധ്രാപ്രദേശ്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് കേരളത്തിലെ ഉപ്പേരി വളരെ പ്രിയപ്പെട്ടതാണ്. ഇത് കാരണമാണ് പ്രധാന ഇടത്താവളമായ കുമളിയിൽ കായ് വറുക്കൽ ശബരിമല സീസണിൽ സജീവമാകുന്നത്. അയ്യപ്പന്മാരെ കൂടുതൽ ആകർക്ഷിക്കുന്നതിന് വറചട്ടികൾ നടപാത കൈയേറി സ്ഥാപിക്കുന്നത് പതിവാണ്. ഇത് കണക്കിലെടുത്താണ് പഞ്ചായത്ത് തീരുമാനമെടുത്തത്. ചില്ല് ഗ്ലാസുകൾ കൊണ്ട് മറച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തി വേണം ഉപ്പേരി തയ്യാറാക്കാൻ. അയ്യപ്പസീസണും വിനോദ സഞ്ചാരികളുടെ തിരക്കും കണക്കിലെടുത്ത് സുഖകരമായ സഞ്ചാരം ഉറപ്പാക്കുക എന്ന ലക്ഷ്യവുമുണ്ട്. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, പൊലീസ്, വനം വകുപ്പ്, വൈദ്യുതി, വാട്ടർ അതോറിട്ടി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.