ഇടുക്കി: വനിത കമ്മിഷനും ശിശുക്ഷേമ സമിതിയുമെല്ലാം നോക്കുകുത്തികളായി മാറുന്ന ദയനീയാവസ്ഥയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. വാളയാറിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട 13 വയസുകാരിക്കും ഒമ്പതു വയസുകാരിയ്ക്കും നീതി നിഷേധിക്കപ്പെട്ടതിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീസുരക്ഷ മുഖ്യ വിഷയമാക്കി ഭരണത്തിലേറിയ അധികാര വർഗം നാട്ടിൽ നടക്കുന്ന സംഭവങ്ങൾ അറിഞ്ഞില്ലെന്നു നടിക്കുന്നു. ഇതിനൊക്കെ കൂട്ടുനിൽക്കുന്ന വനിത കമ്മിഷൻ പിരിച്ചുവിടണമെന്നു ലതിക ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.