തൊടുപുഴ: വാഹനതട്ടിപ്പുകൾ നടത്തിയ ശേഷം മുങ്ങി നടന്നയാളെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞാർ മിറ്റത്താനിയ്ക്കൽ വിൽസനാണ് (40) പിടിയിലായത്. ഇന്ന് പുലർച്ചെ ബസിൽ യാത്ര ചെയ്യുന്നതിനിടെ എസ്‌.ഐ എം.പി സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു. നെടുമുടി സ്വദേശി തൊടുപുഴ പൊലീസിൽ നൽകിയ പരാതിയെതുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനു പുറമെ പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിലും വാഹനതട്ടിപ്പു കേസ് നിലവിലുണ്ട്. നെടുമുടി സ്വദേശിയുടെ പക്കൽ നിന്ന് ഗുഡ്‌സ് വാഹനമാണ് തട്ടിയെടുത്തത്. പീരുമേട് ഗ്ലെൻമേരി എൽ.എം.എസ് പുതുവലിൽ പാൽരാജിന്റെ ട്രാവലറും തട്ടിയെടുത്തു. 8,75000 രൂപ വിലപറഞ്ഞുറപ്പിച്ച വാഹനം 45,000 രൂപ അഡ്വാൻസ് നൽകി വാങ്ങുകയായിരുന്നു. ബാക്കി പണം നൽകാതെ വിൽസൻ കബളിപ്പിക്കുകയായിരുന്നെന്നാണ് പീരുമേട് പൊലീസിൽ നൽകിയ പരാതി. ചെറിയ അഡ്വാൻസ് നൽകി വാഹനം സ്വന്തമാക്കിയതിനു ശേഷം പിന്നീട് പണം നൽകാതെ വാഹനങ്ങൾ മറിച്ചു വിൽക്കുകയായിരുന്നു ഇയാളുടെ രീതി. മാസങ്ങൾക്ക് മുമ്പ് രണ്ടു കേസുകളിലും ലഭിച്ച പരാതിയിൻമേൽ പൊലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. കാഞ്ഞാറിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെതുടർന്ന് പൊലീസ് അവിടെയെത്തി പരിശോധന നടത്തിയപ്പോൾ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് പുലർച്ചെ ബസുകളിൽ പരിശോധന നടത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.