തൊടുപുഴ: ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാത്ത ഈ എട്ടുവയസുകാരൻ ഇന്ന് പിടിച്ചു നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നതിന് പിന്നിൽ അവനും ഡോക്ടർക്കും മാത്രമറിയാവുന്ന ഒരു ' വിജയ് ' മാജിക്കുണ്ട്. തമിഴ്‌നാട് കമ്പം ഉത്തമപാളയം സ്വദേശിയായ സെബാസ്റ്റ്യനെന്ന ബാലനെ ഒന്നര വർഷം മുമ്പാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിക്കുന്നത്. ചലനശേഷിയും സംസാരശേഷിയുമില്ലാത്ത അവന്റെ ആകെയൊരു പ്രത്യേകത, തമിഴ് നടൻ വിജയിയുടെ ' കത്തി ' സിനിമയിലെ ' സെൽഫി പുള്ളെ ' എന്ന ഗാനം കേട്ടാൽ വല്ലാതെ സന്തോഷിക്കും. ടി.വിയിൽ വിജയിയുടെ സിനിമ വന്നാൽ മാറ്റാൻ സമതിക്കാറുമില്ല. പിന്നീട് ഡോ. സതീഷ് വാര്യരുടെ ചികിത്സയും ഈ വഴിയ്ക്കായി. താൻ ഒരു കടുത്ത വിജയ് ഫാനാണെന്നും പറയുന്നതു പോലെ ചെയ്താൽ വിജയിയുടെ അടുത്തു കൊണ്ടുപോകാമെന്നും പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോ തെറാപ്പിയും. സിനിമാ ഡയലോഗിലൂടെയാണ് വ്യായാമം ചെയ്യിപ്പിക്കലും ചികിത്സയുമെല്ലാം. ഈ ചികിത്സ സൂപ്പർ ഹിറ്റായി, ഒരു വർഷം പിന്നിടുമ്പോൾ സെബാസ്റ്റ്യനിപ്പോൾ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. ജനനസമയത്തുണ്ടായ സങ്കീർണതകളാൽ തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അളവിലെ കുറവു മൂലം ചലനശേഷിയും സംസാരശേഷിയും നഷ്ടമാകുകയായിരുന്നു. ചികിത്സകൾ പലതു നടത്തിയെങ്കിലും ഫലമില്ലാതെ കുട്ടിയുടെ പിതാവ് ജയകുമാർ രാജാക്കാട് നിർമാണ ജോലിക്കായെത്തിയപ്പോഴാണ് ഡോ. സതീഷ് വാര്യരെ കുറിച്ചറിഞ്ഞത്. നടുവിന് ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നത്. അതോടെ വൈകാതെ തനിയെ നടക്കാനും സ്‌കൂളിൽ പോകാനും സാധിക്കും. മേസ്തിരി ജോലിക്കാരനായ കുട്ടിയുടെ പിതാവിന്റെ തുച്ഛമായ വരുമാനം തുടർചികിത്സയ്ക്ക് തികയാറില്ല. സ്വകാര്യ സ്ഥാപനം നടത്തുന്ന ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാർ സൗജന്യമായാണ് ഫിസിയോ തെറാപ്പി ചെയ്യുന്നത്.