mullapally-

കണ്ണൂർ: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി​-​​ സി.പി.എം രഹസ്യ ധാരണയുണ്ടായിരുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇത് നിഷേധിക്കാമോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. എങ്കിൽ തെളിവ് പുറത്ത് വിടാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുമ്മനം നേടിയതിൽ ഇരുപത്തിരണ്ടായിരത്തിൽ പരം വോട്ടുകൾ കുറഞ്ഞത് ഇതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോന്നിയിലും വട്ടിയൂർക്കാവിലും യു.ഡി.എഫിന് പരാജയം സംഭവിച്ചിട്ടുണ്ട്. എന്നാൽ അരൂരിലേത് ചരിത്രവിജയമാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് വോട്ടർമാർ തീവ്രഹിന്ദുത്വത്തിനെതിരെയുള്ള വിധിയെഴുത്താണ് നടത്തിയത്. എൻ.എസ്.എസിന്റെ ശരിദൂരം നിലപാട് ശരിയായ പാതയായിട്ട് തന്നെയാണ് കാണുന്നത്. ജനങ്ങളുടെ മനസിൽ കോൺഗ്രസ് ഇപ്പോഴും ഉണ്ടെന്നതിന് തെളിവാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും മുന്നേറ്റം വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ തങ്ങളുടെ തിണ്ണ നിരങ്ങിയാണ് ഒരു സീറ്റ് സി.പി.എമ്മിന് ലഭിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.