mullapally

കണ്ണൂർ: വെള്ളക്കെട്ടിനെയും വോട്ട് ചോർച്ചയെയും ചൊല്ലി കൊച്ചി മേയറെ മാറ്റാൻ പോര് മുറുകിയതോടെ പ്രതിരോധവുമായി കെ.പി.സി.സി പ്രസിഡന്റ്. കൊച്ചി മേയറെ മാറ്റില്ലെന്നും വെള്ളക്കെട്ട് നീക്കുന്നത് സൗമിനി ജയിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മേയറെ ബലി മൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ല. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ജയത്തെ പോലെ പരാജയത്തിന്റെയും ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റുപറ്റിയിട്ടില്ല. എല്ലാവരും ചേർന്നാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വിലയിരുത്തുന്നതിനായി 27ന് രാഷ്ട്രീയ കാര്യ സമിതി ചർച്ചകൾ നടത്തും. ഒളിയമ്പുകൾ എറിയുന്നവർ, അവർക്ക് മേലെ തന്നെയാണ് അത് പതിക്കുന്നത് എന്നോർക്കണമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.