കാസർകോട്: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടർലൂ ആകുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബി.ജെ.പിക്ക് കേരളം മരീചികയാകും. കാസർകോട് പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലുമൊക്കെ വിജയിച്ചുകളയാമെന്ന ബി.ജെ.പിയുടെ ചിന്തകൾ അസ്ഥാനത്താണ്.ഒരു തവണ ചക്ക വീണ് മുയൽ ചത്തുവെന്ന് കരുതി എപ്പോഴും മുയൽ ചാകില്ലെന്ന് എൽ.ഡി.എഫിന്റെ പാലാ ഉപതിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫ് ഒറ്റക്കെട്ടായി ഇറങ്ങുന്നതോടെ എം.സി.ഖമറുദ്ദീൻ വലിയ വിജയം നേടും. ബി.ജെ.പിയാണ് ഇവിടെ പ്രധാന എതിരാളി. എൽ.ഡി.എഫ് ഒരു ഘടകമേയല്ല.ഉപതിരഞ്ഞെടുപ്പുകളിൽ പെരിയ കേസ് സി.പി.എമ്മിനും സർക്കാരിനും തിരിച്ചടിയാകും.ഈ തിരഞ്ഞെടുപ്പിൽ പെരിയ കൊലക്കേസും വികസനമില്ലായ്മയും ഉന്നയിക്കുക തന്നെ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി ഉപ്പളയിലെ യു.ഡി.എഫ് കൺവെൻഷനിലും പറഞ്ഞു.