നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി റെയിൽവെ മേല്പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് താലൂക്ക് ആശുപത്രി വരെ സ്ഥലം അളന്നു തിട്ടപ്പെടുത്തി. റോഡിന്റെ നടുഭാഗത്ത് നിന്ന് 7.50 മീറ്റർ വീതം രണ്ടു ഭാഗത്തേക്കുമാണ് അളന്നു മാർക്ക് ചെയ്തത്.
ഇന്നലെ രാവിലെ തുടങ്ങി വൈകുന്നേരത്തോടെയാണ് തിട്ടപ്പെടുത്തൽ പൂർത്തിയായത്. മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള 1.350 കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുഭാഗവുമാണ് അളന്നു തിട്ടപ്പെടുത്തിയത്.

പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ പി. പ്രകാശൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ടോമി മാത്യു, ഓവർസീയർ ഇ. രാജൻ എന്നിവരുടെ നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, കൗൺസിലർമാരായ എ.വി. സരേന്ദ്രൻ, സി.സി. കുഞ്ഞിക്കണ്ണൻ, പി. ഭാർഗ്ഗവി, കെ.പി. രവീന്ദ്രൻ പി. വിജയകുമാർ, കെ. മോഹനൻ, ടോമി ആറ്റുപുറം എന്നിവരും ഒപ്പമുണ്ടായിരുന്നു.

റോഡ് വീതികൂട്ടുന്നതിനനുസരിച്ച് വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കണ്ടതുണ്ട്. മെക്കാഡം ടാർ ചെയ്യുന്നതിന്റെ ഭാഗമായി പാലാത്തടം, പാലായി റോഡ് എന്നിവിടങ്ങളിലുള്ള വളവ് നികത്തുന്നതിനുള്ള പ്രവർത്തി നടന്നുവരുന്നുണ്ട്. അതുപോലെ പാലാത്തടം വളവും നരിമാളം കയറ്റവും വളവും നികത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

40 കോടി രൂപ ചിലവിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യുന്നത്.

നവരാത്രി...

നീലേശ്വരം ചായ്യോത്ത് പെരിങ്ങാര ദുർഗ്ഗ ഭഗവതി ക്ഷേത്രം: രാവിലെ 6 മണി മുതൽ ത്രികാല പൂജ, വിശേഷാൽ പൂജ, വൈകുന്നേരം നിറമാല, 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം.

ലോഗോ പ്രകാശനം

പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മൽ പ്രാദേശിക പരിധിയിലെ കൊളത്തുങ്കാൽ തറവാട് വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവം ലോഗോ പ്രകാശനം ബേക്കൽ ഹൗസ് ഓഫീസർ സി.ഐ. നാരായണൻ പുത്തലത്ത് നിർവ്വഹിച്ചു. തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർ സി.എച്ച്. നാരായണൻ അദ്ധ്യക്ഷനായി. ലോഗോ രൂപകൽപ്പന ചെയ്ത ജിഷ്ണു പവിത്രൻ ഞാണിക്കടവിനെ അനുമോദിച്ചു. ക്ഷേത്ര ആചാര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പ്രസിഡന്റ് കെ. ബാലകൃഷ്ണൻ തൃക്കണ്ണാട്, പി.പി. ചന്ദ്രശേഖരൻ, കൊപ്പൽ ദാമോദരൻ, സുധാകരൻ കുതിർ, പി. കുഞ്ഞിക്കണ്ണൻ, പി.പി. ശ്രീധരൻ, മുങ്ങത്ത് ദാമോദരൻ നായർ, ശിവരാമൻ മേസ്ത്രി എന്നിവർ സംസാരിച്ചു. സുകുമാരൻ പൂച്ചക്കാട് സ്വാഗതവും കെ.വി. ശ്രീധരൻ നന്ദിയും പറഞ്ഞു.

പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്ര തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം ലോഗോ പ്രകാശനം ചെയ്ത് ബേക്കൽ സി.ഐ. നാരായണൻ പുത്തലത്ത് സംസാരിക്കുന്നു.