arrest

പാനൂർ: ഒരു കോടി രൂപയുടെ കുഴൽപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘത്തെ പാനൂർ പൊലീസ് പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം പി.എം കുട്ടി റോഡിലെ കണിയാക്കണ്ടി പറമ്പിൽ എം.കെ.സുമീഷ് (41), തലശ്ശേരി ടെമ്പിൾ ഗേറ്റ് പ്രസന്നഭവനിൽ എ.പി. സച്ചിൻ (29), സെയ്ദാർപള്ളി അച്ചാരത്ത് റോഡ് വൈറ്റ് ഹൗസിൽ നജീബ് (35) എന്നിവരെയാണ് സി.ഐ ടി.പി.ശ്രീജിത്ത്, എസ്.ഐ കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
സംഘർഷ സാദ്ധ്യതയുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് മാവിലേരി റോഡ് നവോദയ കുന്നിന് സമീപത്തെത്തിയ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഡസ്റ്റർ കാർ പരിശോധിച്ചപ്പോഴാണ് പണവും ലഹരി ഗുളികളും കണ്ടെത്തിയത്. 500, 2000 രൂപയുടേതാണ് കറൻസികൾ. വേദനസംഹാരിയായി ഉപയോഗിക്കുന്ന സ്പാസ് മോപ്രോക്ലി വോം പ്ലസ് എന്ന പേരിലുള്ള 300 ഗുളികകളും കണ്ടെത്തി. കാറിന്റെ പിൻസീറ്റ്, ഡിക്കി, സ്‌പെയർ പാർട്‌സ് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.