കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതികളെ സംരക്ഷിക്കാൻ കേസ് വഴിതെറ്റിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സി.ബി.ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എമ്മിലെ ഉന്നത നേതാക്കൾക്ക് പങ്കുള്ള ഇരട്ടക്കൊലക്കേസിലെ പ്രതികളെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രതികൾക്ക് കാസർകോട് എ.ആർ ക്യാമ്പിൽ സംരക്ഷണം നൽകി. ഉപ്പളയിലെ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.