കണ്ണൂർ: സംസ്ഥാനത്തെ പൊതുമേഖല മില്ലുകളിലെ നിയമവിരുദ്ധ ഡെപ്യൂട്ടേഷനെതിരായ അടിയന്തര റിട്ട് ഹർജിയിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയയ്‌ക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.

ആലപ്പി കോഓപ്പറേറ്റിവ് സ്പിന്നിംഗ് മില്ലിൽ ജി.എം. കം സി.ഇ.ഒ ആയി പി.എസ്.ശ്രീകുമാർ തുടരുന്നതിനെതിരെയും രണ്ട് എം.ഡിമാർ ആറു മാസത്തിൽ കൂടുതൽ അധിക ചുമതലയിൽ തുടരുന്നതിനുമെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

പി.എസ്. ശ്രീകുമാർ തുടർച്ചയായി 6 വർഷത്തെ ഡെപ്യൂട്ടേഷൻ സെപ്തംബർ 30ന് പൂർത്തിയാക്കിയിരുന്നു. തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ എം.ഡിയുടെ അധിക ചുമതലയിലും തുടരുകയാണ്.
ഡെപ്യൂട്ടേഷൻ ഏഴാം വർഷത്തിലേക്ക് നീട്ടണമെന്ന അപേക്ഷ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഡെപ്യൂട്ടേഷൻ കാലയളവ് പൂർത്തീകരിച്ചിട്ടും മാതൃ സ്ഥാപനമായ മലപ്പുറം മില്ലിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇതിനെതിരെ മലപ്പുറം മിൽ നോട്ടീസ് അയയ്ക്കാനൊരുങ്ങിയെങ്കിലും ഉന്നതർ ഇടപെട്ട് തടഞ്ഞു.
ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിൽ നിന്ന് സ്വയം വിരമിക്കൽ ആനുകൂല്യം കൈപ്പറ്റിയതിന് ശേഷം ഈ വിവരം മറച്ച് വച്ച് മലപ്പുറം മില്ലിൽ ആദ്യം സ്പിന്നിംഗ് മാസ്റ്റർ തസ്തികയിലും പിന്നീട് മിൽ മാനേജർ തസ്തികയിലും പിൻ വാതിൽ നിയമനം നേടിയതായുള്ള പരാതിയിൽ ലോകായുക്തയിൽ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിൽ പരാതിയുമുണ്ട്.
അധിക ചുമതല കാലയളവ് ആറ് മാസം അധികരിക്കരുതെന്ന സർക്കാർ ചട്ടം മറികടന്ന് ഒരു വർഷത്തിൽ കൂടുതലായി തൃശൂർ, കുറ്റിപ്പുറം മാൽകോടെക്സ് സ്പിന്നിംഗ് മിൽ എം.ഡി മാർ അധിക ചുമതലയിൽ തുടരുന്നുണ്ട്. ഇവരെ 2018 ഏപ്രിൽ മൂന്നിന് വ്യവസായ വകുപ്പ് സ്‌പെഷ്യൽ ഉത്തരവിലൂടെ എം.ഡിയുടെ അധിക ചുമതലയിൽ നിയമിച്ചതാണ്.
ഡെപ്യൂട്ടേഷൻ നീട്ടിനൽകുന്ന വിഷയത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും ഈ വിഷയത്തിൽ പരാതികൾ ഉണ്ടായതിനാൽ നീട്ടില്ലെന്നും സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞിരുന്നു. കേസ് 30ന് പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് രേഖാമൂലം അറിയിക്കണമെന്നും ഓപ്പൺ കോർട്ടിൽ ജസ്റ്റിസ് പറഞ്ഞു.