കണ്ണൂർ : കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് കണ്ണൂർ,കാസർകോട് ജില്ലകളിൽ സർവീസുകളെ കാര്യമായി ബാധിച്ചു.പല സർവീസുകളും റദ്ദാക്കിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.അതെ സമയം ഷെഡ്യൂളുകൾ കൂടുതൽ മുടങ്ങിയിട്ടില്ലെന്നതാണ് അധികൃതർ അവകാശപ്പെടുമ്പോൾ ദേശസാത്കൃത റൂട്ടുകളിലടക്കം യാത്രക്കാർ കടുത്ത ദുരിതത്തിലാണ്.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ,കാഞ്ഞങ്ങാട്,കാസർകോട് ഡിപ്പോകളിൽ നിന്നായി കോടതി ഉത്തരവിനെ തുടർന്ന് 150 താൽക്കാലിക ഡ്രൈവർമാരെയാണ് പിരിച്ചു വിട്ടത്.
സ്‌പെയർ പാർട്‌സുകളുടെ അഭാവത്തിനാൽ മുമ്പ് തന്നെ ഷെഡ്യൂൾ റദ്ദാക്കുന്ന പതിവാണ് വടക്കൻ കേരളത്തിലെ ഡിപ്പോകൾക്കുള്ളത്. എന്നാൽ ഡ്രൈവർമാരുടെ അഭാവത്തിൽ കൂടുതൽ ബസുകൾ റദ്ദാക്കേണ്ടി വന്നത് ഗ്രാമീണ മേഖലയിലുള്ളവരെയടക്കം രൂക്ഷമായി ബാധിച്ചു. കണ്ണൂർ ഡിപ്പോയിൽ 30 ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ആഴ്ചകളായി കണ്ണൂർ ഡിപ്പോയിൽ അഞ്ചു ഷെഡ്യൂളുകൾ മുടങ്ങിക്കിടക്കുകയാണ്.ബസുകളുടെ അറ്റകുറ്റപണി നടത്താത്തതിനാലും ഇവിടെ ഷെഡ്യൂളുകൾ മുടങ്ങാറുമുണ്ട്.ആകെ 104 ഷെഡ്യൂളുകളാണ് കണ്ണൂർ ഡിപ്പോയിലുള്ളത്.
പയ്യന്നൂർ ഡിപ്പോയിൽ 35 പേരെയാണ് പിരിച്ചുവിട്ടത്. ഇവിടെ ആവശ്യത്തിനു ബസും ഡ്രൈവർമാരുമില്ലാത്ത സ്ഥിതി നേരത്തെ ഉണ്ട്. ദിവസവും അഞ്ചു വീതം ഷെഡ്യൂളുകൾ മുടങ്ങുന്നുണ്ടെന്നാണ് ഔദ്യോഗികഭാഷ്യം. കണ്ണൂർ , ഇരിട്ടി മംഗലാപുരം, ചെറുവത്തൂർ, കാസർകോട് ചന്ദ്രഗിരി പാലം, പടന്ന കടപ്പുറം ഷെഡ്യൂളുകളാണ് ഇതുവരെ മുടങ്ങിയത്.
തലശ്ശേരി ഡിപ്പോയിൽ ആറു താത്ക്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കണ്ണൂർ ഭാഗത്തേക്കുള്ള ഒരു സർവിസ് മാത്രമേ മുടങ്ങിയിട്ടുള്ളുവെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്.
കാസർകോട് 52 പേരെയാണ് പിരിച്ചു വിട്ടിട്ടുള്ളത്.92 ഷെഡ്യൂൾ ആണ് ഇവിടെയുള്ളത്. പിരിച്ചുവിടലിന് ശേഷം 15 ഷെഡ്യൂൾ ഇവിടെ മുടങ്ങുന്നുണ്ട്.ഗ്രാമീണ മേഖലയിലുള്ള സർവ്വീസുകളാണ് ഇവിടെ റദ്ദാക്കിയവയിൽ കൂടുതലും..
27 ഡ്രൈവർമാരെ പിരിച്ചു വിട്ട കാഞ്ഞങ്ങാട് ഡിപ്പോയിൽ ആറോളം ഷെഡ്യൂളുകൾ മുടങ്ങുന്നുണ്ട്.59 ഷെഡ്യൂളുകളാണ് ഇവിടെയുള്ളത്.
ജോലിഭാരം കൂടി
താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിട്ടതോടെ സ്ഥിരം ഡ്രൈവർമാർക്ക് ജോലി ഭാരം വർദ്ധിച്ചിരിക്കുകയാണ്.വിശ്രമമില്ലാതെ വണ്ടിയോടിക്കേണ്ടുന്ന അവസ്ഥയാണ് ഇവർക്ക് .താൽക്കാലിക ജീവനക്കാരുടെ ഷെഡ്യൂൾ കൂടി സ്ഥിരം ഡ്രൈവർമാരെ വച്ച് ഒാടിക്കുകയാണ് അധികൃതർ.
ഡിപ്പോ പിരിച്ചുവിട്ടത് മുടങ്ങിയത് ( അവകാശവാദം)
കണ്ണൂർ 30 5
തലശ്ശേരി 6 1
പയ്യന്നൂർ 35 5
കാഞ്ഞങ്ങാട് 27 6
കാസർകോട് 52 15