നീലേശ്വരം: കന്യാകുമാരി മുതൽ മുംബൈവരെയുള്ള ദേശീയപാത 66 കേരളത്തിൽ ആറുവരിയായി വികസിപ്പിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ കരാറായതോടെ പ്രവൃത്തി ആദ്യം ആരംഭിക്കുക കാസർകോട് ജില്ലയിൽ. ടെൻഡർ വേഗത്തിലായാൽ അടുത്ത വർഷം ജനുവരിയോടെ പ്രവൃത്തി തുടങ്ങുമെന്നാണ് കരുതുന്നത്.
ആറു വരിയാകുന്നതോടെ പഴയ രൂപരേഖ പരിഷ്‌കരിക്കും. സംസ്ഥാനത്ത് ജില്ലയിലാണ് പൂർണമായും ഭൂമി ഏറ്റെടുത്തത്. ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തിനുള്ള നടപടി ഇപ്പോൾ നടക്കുകയാണ്. കാസർകോട്ടും കാഞ്ഞങ്ങാട്ടും പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ചുമതലയിൽ ഭൂമി ഏറ്റെടുക്കാനും വിലനിർണയിക്കാനും നഷ്ടപരിഹാരം നൽകാനുമായി ഓഫീസുകൾ പ്രവർത്തിക്കുന്നു. നഷ്ടപരിഹാരത്തിൽ അസംതൃപ്തിയുള്ളവർക്ക് പരാതി നൽകാൻ കളക്ടർ ആർബിട്രേറ്ററായ സെൽ പ്രവർത്തിക്കുന്നുണ്ട്.
നഷ്ടപരിഹാരം മാർച്ചോടെ പൂർത്തിയാക്കും
കേരളത്തിൽ ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയിൽ കൂടുതൽ പേർക്ക് നഷ്ടപരിഹാരം നൽകിയത് കാസർകോട് ജില്ലയിലാണ്. ജില്ലയിലെ മുഴുവൻ ഭൂമിയുടെയും മൂല്യനിർണയം ഡിസംബറോടെ പൂർത്തിയാകും. നഷ്ടപരിഹാരം നൽകൽ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കും. 60 ശതമാനം ഭൂമി നഷ്ടപരിഹാരം നൽകി ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിൽ വരുന്നതോടെ പ്രവൃത്തി തുടങ്ങാനാകും.
238.38 കോടി കൂടി
ജില്ലയിൽ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി ഏറ്റവും അവസാനം 238.38 കോടി രൂപയാണ് അനുവദിച്ചത്. അടുക്കത്ത് ബയൽ, നീലേശ്വരം, ഉപ്പള, തെക്കിൽ, അജാനൂർ, കാസർകോട്, ബങ്കര, മഞ്ചേശ്വരം, മുട്ടത്തൊടി, ഹൊസ്ദുർഗ്, ചെങ്കള, കാഞ്ഞങ്ങാട്, ഷിറിയ, മൊഗ്രാൽ, ഉദ്യാവര, കുഞ്ചത്തൂർ വില്ലേജുകളിൽ ഭൂമി ഏറ്റെടുത്തവർക്കാണ് ഈ തുകയിൽ നഷ്ടപരിഹാരം നൽകുക.