മണത്തണ: മണത്തണബ കൊട്ടിയൂർ റോഡിന്റെ സുവർണ ജൂബിലിയാഘോഷം മലയോര ജനത ഉത്സവമാക്കി മാറ്റി. 50 വർഷം മുമ്പ് ഒറ്റദിവസം കൊണ്ട് തങ്ങളുടെ പൂർവികർ പണിതീർത്ത റോഡിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു.

1969 ഒക്ടോബർ 6 നാണ് ഈ പ്രദേശത്തുള്ള ആളുകൾ ജാതി, മത ഭേദമെന്യേ ഒത്തുചേർന്ന് ഒറ്റദിവസം കൊണ്ട് 16 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിച്ചത്. അധികാരികളുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ ഈ പാത നിർമ്മിക്കുന്നതിനായി ഇന്നത്തെ കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ നിന്നും ഏഴായിരത്തിലധികം പേരായിരുന്നു അന്ന് പങ്കെടുത്തത്.ഇന്നത് മലയോര ഹൈവേയായി വളർന്നു. പൂർവ്വികരുടെ ഐക്യത്തിന്റെയും സംഘടിത ശക്തിയുടെയും ഓർമ്മയിലാണ് പുതുതലമുറ ഇന്നലെ മണത്തണ മുതൽ അമ്പായത്തോട് വരെയുള്ള മലയോര ഹൈവേയിൽ മനുഷ്യച്ചങ്ങല തീർത്തത്.

സുവർണ ജൂബിലി സംഘാടക സമിതി ചെയർമാൻ ജോർജുകുട്ടി വാളുവെട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ അഡ്വ.സണ്ണി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി, വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ തുടങ്ങിയവരും മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി. തുടർന്ന് മണത്തണ മുതൽ അമ്പായത്തോട് വരെ റോഡിനിരുവശവും കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന ജനകീയ കൂട്ടായ്മ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

പടം :കൊട്ടിയൂർ മണത്തണ റോഡിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ മലയോര ഹൈവേയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല