പിലാത്തറ: സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കുഞ്ഞിമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര അർബുദ നിവാരണ പദ്ധതി ഏഴിന് തുടങ്ങും.തിങ്കളാഴ്ച മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തിൽ വളണ്ടിയർമാർക്കുള്ള ഏകദിന ശില്പശാല നടക്കും. 400 വനിതകളടക്കം അഞ്ഞൂറോളം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. വളണ്ടിയർ ഗ്രൂപ്പുകൾ ചൊവ്വാഴ്ച പഞ്ചായത്തിലെ 16 വാർഡുകളിലെ മൂവായിരത്തിലധികം വീടുകളിൽ കയറിയിറങ്ങി സർവ്വെയും ബോധവൽക്കരണവും നടത്തും.പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും.
തുടർന്ന് ബോധവത്ക്കരണ യജ്ഞവും സ്‌ക്രീനിംഗ് ക്യാമ്പുകളും നടക്കും. തുടർന്ന് മെഗാ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർചികിത്സ നൽകും. നവമ്പർ മൂന്നു വരെ അർബുദ നിവാരണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടക്കും.
അർബുദത്തിനെതിരെ തുറന്ന യുദ്ധം എന്ന മുദ്രാവാക്യവുമായി നാടൊന്നാകെ രംഗത്തിറങ്ങുന്ന ഈ പദ്ധതിക്ക് കുഞ്ഞിമംഗലം ബ്രദേഴ്‌സ് യു.എ.ഇ, കുമാർ കുഞ്ഞിമംഗലം, മദർ ചാരിറ്റീസ്, റോട്ടറി ക്ലബ്ബ്, സാന്ത്വനം യു.എ.ഇ മല്ലിയോട്ട്, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂൾ 1969 മുതൽ 2010 വരെയുളള എസ്.എസ്.എൽ.സി ബാച്ചുകളുടെ കൂട്ടായ്മ തുടങ്ങിയവ സന്നദ്ധ സംഘടനകൾ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ, ജനറൽ കൺവീനർ ടി.പി. മധുസൂദനൻ
കെ.പി രമേശൻ, എം.കെ.ദാമോദരൻ, എം.രവി എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം
കുഞ്ഞിമംഗലത്ത് നടക്കുന്ന സമഗ്ര അർബുദ നിവാരണ പദ്ധതിയുടെ പ്രചരണാർത്ഥം ഇന്ന് നടന്ന കൂട്ടയോട്ടം