കോഴിക്കോട്: കൂടത്തായിയിൽ ആറുപേരുടെ മരണത്തെക്കുറിച്ച് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് എന്തെങ്കിലും അറിവുണ്ടായിരുന്നോ? ഈ ചോദ്യത്തിന് പിടിതരാതെ ഒഴിഞ്ഞുമാറുന്ന പൊലീസ് ഷാജുവിലൂടെ മറ്റൊരാളെ തെരയുകയാണോയെന്ന സംശയവും ഉയരുകയാണ്. ഷാജുവിന്റെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയയുടെയും പ്രതികരണങ്ങളിലെ വൈരുദ്ധ്യം ഏറെ ചർച്ചയായിട്ടുണ്ട്.
അതിനിടെ ജില്ലാ ക്രൈംബ്രാഞ്ച് ഷാജുവിനെ ഇന്നലെയും മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചു. തനിക്ക് സംഭവത്തിൽ യാതൊരു അറിവും ഇല്ലായിരുന്നുവെന്നാണ് ഷാജു ആവർത്തിക്കുന്നത്. കൂടാതെ ജോളിയെ എൻ.ഐ.ടിയിൽ അദ്ധ്യാപികയാണെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നിന് ജോളിക്കൊപ്പം ഒരു ദിവസം മുഴുവനും ഷാജുവിനെയും ചോദ്യംചെയ്തതായാണ് വടകര റൂറൽ എസ്.പി കെ.ജി. സൈമൺ വ്യക്തമാക്കുന്നത്. ഇതിൽ ചില കാര്യങ്ങൾ കൂടുതലായി റെക്കാഡ് ചെയ്യാനാണ് ഇന്നലത്തെ ചോദ്യംചെയ്യലെന്ന് വ്യക്തമാക്കിയ എസ്.പി എന്നാൽ ഷാജുവിന്റെ എല്ലാമൊഴികളും എടുത്ത ശേഷം മറ്റുനടപടികൾ സ്വീകരിക്കുമെന്ന് മാത്രമാണ് അറിയിച്ചത്.
അതേസമയം ഷാജുവിനും പിതാവ് സക്കറിയയ്ക്കും കൊലപാതകങ്ങളിൽ അറിവുണ്ടായിരുന്നുവെന്ന് ജോളി മൊഴി നല്കിയതായ വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. ഷാജുവിന്റെ മകൾ ആൽഫൈന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് ഷാജുവും സക്കറിയയും കൂടി എതിർത്തെന്ന സിലിയുടെ ബന്ധുവിന്റെ പ്രതികരണവും "അല്ലെങ്കിലും സിലി മരിക്കേണ്ടതായിരുന്നുവെന്ന്" ഷാജു ജോളിയോട് പറഞ്ഞതായ ജോളിയുടെ മകൻ റോമോ റോയിയുടെ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. അതിനിടെ ആദ്യഭാര്യ സിലിയുടെ മൃതദേഹത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്കുന്ന ഫോട്ടോയും പുറത്തുവന്നു. സക്കറിയയാണ് ജോളിയും ഷാജുവും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തതെന്ന തരത്തിലുള്ള ചില വാർത്തകളും പുറത്തുവന്നു. സിലിയുടെയും മകളുടെയും മരണങ്ങൾ രോഗങ്ങൾ കാരണമാണെന്ന് സക്കറിയ പ്രചരിപ്പിച്ചിരുന്നുവെന്നും പറയുന്നു.
എന്നാൽ ഇരുവരും ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ഫോട്ടോയിൽ അസ്വാഭാവികതയില്ലെന്നാണ് ഷാജു ഇതിനോട് പ്രതികരിച്ചത്. ജോളി തന്നെ ചതിക്കുകയായിരുന്നു. കൊലചെയ്യാൻ സഹായം ചെയ്തുനല്കിയതായുള്ള മൊഴി നല്കിയിട്ടില്ല. ജോളിയുടെ സാമ്പത്തിക ഇടപാടുകളോ സുഹൃത്തുക്കളെ കുറിച്ചോ തനിക്ക് അറിവില്ലെന്നും ഷാജു ചോദ്യംചെയ്യലിന് ശേഷം അറിയിച്ചു. മകളുടെ പോസ്റ്റുമോർട്ടം നടത്താത്തത് തെറ്റായിപ്പോയെന്നും ഷാജു അറിയിച്ചു. ഭാര്യയുടെയും മകളുടെയും മരണം അസുഖത്തെ തുടർന്നായിരിക്കാമെന്ന് തന്നെയാണ് ഷാജു പറഞ്ഞത്. എന്നാൽ ഇതൊക്കെ വ്യക്തമാക്കുമ്പോഴും ആദ്യഭാര്യ സിലി മരണപ്പെട്ട് ഒരുവർഷമാകുമ്പോഴേക്കും ജോളിയെ ഷാജു വിവാഹം ചെയ്തതിൽ ചില പൊരുത്തക്കേടുകൾ നിലനിൽക്കുകയാണ്.
കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരി പരാതിക്കാരിയായ റെഞ്ചി തോമസ് ഷാജുവിന്റെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന നിബന്ധനയോടെയാണ് ഷാജുവിനെ പൊലീസ് ഇന്നലെ വിട്ടയച്ചത്.
കൂടുതൽ തെളിവുകൾ പൊലീസ് തേടുകയാണെന്നാണ് സൂചന ലഭിക്കുന്നത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ആരെയും അറസ്റ്റുചെയ്യാൻ പൊലീസ് തുനിയുന്നില്ല. മാത്രമല്ല ജോളിയുടെ അറസ്റ്റുപോലും ഇപ്പോൾ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു അഞ്ചു മരണങ്ങളിലും രാസപരിശോധനാ ഫലം അന്വേഷണസംഘം കാക്കുന്നുണ്ട്. രാസ പരിശോധന വേണമെങ്കിൽ വിദേശത്ത് അയയ്ക്കുന്നതിന് ഡി.ജി.പി അനുമതി നല്കിയതായി എസ്.പി ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചു.
വേരുകൾതേടി പലരിലേക്ക്..
കൂടത്തായിയിൽ ആറു പേരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോടൊപ്പം വ്യാജ ഒസ്യത്ത് ഉണ്ടാക്കി മുഖ്യപ്രതി ജോളി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമവും ജില്ലാ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. കേസിലെ ഉന്നത ബന്ധങ്ങൾ ഉൾപ്പെടെ ഈ ഭാഗത്താണുള്ളതെന്നതിനാൽ പുറത്തുവരുന്ന വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ രാഷ്ട്രീയബന്ധം വരെ അന്വേഷണസംഘം പുറത്തുകൊണ്ടുവന്ന് കഴിഞ്ഞു. ജോളിയുമായി പണമിടപാടുകൾ നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജിനെ പാർട്ടി പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. എൻ.ഐ.ടി ജീവനക്കാരനായ മഹേഷ് എന്നയാളുടെ ഒപ്പ് മനോജ് വ്യാജമായി രേഖപ്പെടുത്തിയതാണെന്ന ആരോപണവുമുയർന്നു.
അതേസമയം വ്യാജവിൽപത്രം തയ്യാറാക്കാൻ ഇടനിലനിന്നത് ഒരു മുസ്ലിംലീഗ് നേതാവാണെന്നും ഇയാളുമായി പണമിടപാട് ജോളി നടത്തിയതായും വിവരമുണ്ട്. ജോളിയെ സഹായിച്ചുവെന്ന് കരുതുന്ന ഒരു വനിതാ മുൻ ഡെപ്യൂട്ടി തഹസിൽദാരുടെ മൊഴി രേഖപ്പെടുത്തി. ഒരു വക്കീൽ, ബി.എസ്.എൻ.എൽ ജീവനക്കാരൻ, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ, താമരശേരി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം ലഭിച്ചതായാണ് വിവരം. ഇവരെയൊക്കെ ഇന്ന് ചോദ്യംചെയ്തേക്കുമെന്നാണ് സൂചന. ഇവർ റോയി മരിച്ച ശേഷം നിരന്തരം ജോളിയെ സന്ദർശിച്ചിരുന്നതായും പറയുന്നു. ഇക്കാര്യം നേരത്തെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരൻ സുന്ദരനും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ എതിർപ്പറിയിച്ചതിനെ തുടർന്ന് തന്നെ ജോലിയിൽ നിന്ന് ജോളി ഒഴിവാക്കിയെന്നും ആരോപിക്കുന്നു. ജോളിയുടെ ഭർത്താവ് റോയിയുടെ മരണം സംബന്ധിച്ച് അന്ന് അന്വേഷണം നടത്തിയ മുൻ എസ്.ഐ രാമനുണ്ണിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കൂടത്തായി വില്ലേജ് ഓഫീസിൽ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ പരിശോധനയും നടന്നു.
എൻ.ഐ.ടിയിലേക്കെന്നു പറഞ്ഞ് ജോളി പോയത് എങ്ങോട്ട്?
കൂടത്തായി കൂട്ടക്കുരുതിയിലെ വിവാദനായിക ജോളിക്ക് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി എന്താണ് ബന്ധമെന്നത് ഇനിയും പിടിതരാത്തൊരു ചോദ്യമാണ്. 2002 മുതൽ നാട്ടിൽ ജോളി അറിയപ്പെടുന്നത് എൻ.ഐ.ടിയിലെ അദ്ധ്യാപിക എന്നാണ്. ജോളി രാവിലെ ജോലിക്കായി പോവുകയും വൈകിട്ട് മടങ്ങിവരാറുമുണ്ടായിരുന്നു. എന്നാൽ ഇവർ മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിൽ ജോലിചെയ്തിരുന്നതായി മാത്രമാണ് പറയുന്നത്. പിന്നെങ്ങനെ 17 വർഷം വീട്ടുകാരെയും നാട്ടുകാരെയും പറഞ്ഞുപറ്റിക്കാനായി എന്നതാണ് അതിശയം.
അതേസമയം മുക്കത്തെ ബ്യൂട്ടിപാർലറിൽ ജോളി വെറും കസ്റ്റമർ മാത്രമായിരുന്നുവെന്ന് അതിന്റെ ഉടമ പറയുന്നു. ബ്യൂട്ടിപാർലർ ഉടമ സുലേഖയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എൻ.ഐ.ടിയിലെ അദ്ധ്യാപികയാണെന്നും അരലക്ഷം രൂപ ശമ്പളം ഉണ്ടെന്നുമൊക്കെ തങ്ങളോടും പറഞ്ഞതിനാൽ നല്ല പരിഗണന ബ്യൂട്ടിപാർലറിൽ ഇവർക്ക് നല്കിയിരുന്നു. ജോളിയുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും അറിയില്ല. മാസത്തിലൊരിക്കലൊക്കെ വന്ന് ഫേഷ്യൽ ചെയ്യുകയാണ് അവരുടെ പതിവ്. റോയി മരിച്ചപ്പോൾ വീട്ടിൽ പോയിരുന്നു. ഹൃദയാഘാതമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നും സുലേഖ പറയുന്നു.
ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്ന കാലത്ത് ഒരിക്കൽ ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ സഹോദരൻ റോജോ എൻ.ഐ.ടിയിൽ എത്തി ജോളിക്ക് അവിടെ യാതൊരു ജോലിയുമില്ലെന്ന് മനസിലാക്കിയിരുന്നു. എന്നാൽ തുടർന്ന് റോജോയോട് ജോളി കയർത്തു. ഇവിടെ താൽക്കാലിക ജോലിയാണെന്നും ഇത് നഷ്ടപ്പെടാൻ ഇടയുണ്ടെന്നും ഇവരോട് പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും എൻ.ഐ.ടി ജോലി ജോളി തന്റെ തട്ടിപ്പുകൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. ജോലിയില്ലാത്തതിന്റെ ജാള്യം മറയ്ക്കുന്നതിനൊപ്പം സമൂഹത്തിൽ ഇതിന്റെ അംഗീകാരവും നേടിയെടുത്തു. താമരശേരിയിലെ ഒരു വ്യക്തി എൻ.ഐ.ടിയിൽ എത്തി ജോളിയെ വിളിച്ചപ്പോൾ അവരവിടെയില്ലെന്ന് പറഞ്ഞെങ്കിലും പത്തുമിനിട്ടിനുള്ളിൽ ജോളി അവരെ തന്നെ വിളിച്ചിരുന്നോയെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് ഇവരുടെ എൻ.ഐ.ടി ബന്ധം വെളിവാക്കുന്നതാണ്. ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് എൻ.ഐ.ടിയിൽ ട്രെയിനിംഗ് ഉണ്ടെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് മുങ്ങിയതെന്നും പറയുന്നു. എങ്കിലും രാവിലെ ജോലിക്കായി ഇറങ്ങിയിരുന്ന ഇവർ പിന്നെ എങ്ങോട്ട് പോയിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.
അമ്മയുടെ മരണത്തോടെ സംശയം തോന്നി: റെഞ്ചി
പൊന്നാമറ്റം വീട്ടിലെത്തിയത് മുതൽ ജോളി നാടിന്റെ നല്ല മരുമകളായി അഭിനയിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരി റെഞ്ചി തോമസ്. എല്ലാവരും പറഞ്ഞു 'മരുമക്കൾ ഇങ്ങനെയായിരിക്കണമെന്ന്'. അച്ഛനുപോലും ജോളി പറഞ്ഞാൽ അപ്പീലില്ലായിരുന്നു. എന്നാൽ സംശയം തോന്നിയത് അമ്മയുടെ മരണത്തോടെയാണ്. മരണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ റെഞ്ചിക്കിനി ഈ വീട്ടിൽ സ്വത്തൊന്നും ഇല്ലെന്ന് തന്നോട് പറഞ്ഞു. സിലി മരിച്ചിട്ട് ജോളി ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നത് കണ്ടു. രണ്ടുമാസം കഴിഞ്ഞ് കോടഞ്ചേരിയിൽ എത്തിയപ്പോൾ സിലിയുടെ ഭർത്താവ് ഷാജുവിനെ ഇവർ വിവാഹം കഴിക്കുകയാണെന്ന വാർത്ത അവർ തന്നെ പ്രചരിപ്പിക്കുന്നതായും കേട്ടു. സിലി മരിച്ചപ്പോൾ ജോളിയുടെ കണ്ണിലെ തിളക്കം കണ്ടിരുന്നുവെന്നു റെഞ്ചി ഇന്നലെ ചില മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.