koodathayi

കോഴിക്കോട്: കൂടത്തായിയിൽ ആറുപേരുടെ കൊലപാതക പരമ്പര നടത്തുന്നതിൽ മുഖ്യപ്രതി പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളിക്കല്ലാതെ മറ്റാർക്കെങ്കിലും കാര്യമായ പങ്കുണ്ടോയെന്ന ചോദ്യം പ്രസക്തമാകുന്നു. ജോളിയെ ആരെങ്കിലും പിന്നിൽ നിന്ന് സഹായം നൽകിയിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ജോളിയുടെ രണ്ടാംഭർത്താവ് ഷാജു താൻ ഇതേക്കുറച്ച് അറിയുന്നത് കേസ് അന്വേഷണം തുടങ്ങിയതിൽ പിന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ പിതാവ് സക്കറിയയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനയും ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ നിഷേധിക്കുന്ന ഇവരെ പൊലീസ് നിരീക്ഷിക്കുകയാണെന്ന വിവരവുമുണ്ട്. ഷാജുവിനെയും സക്കറിയയെയും പൊലീസ് വീണ്ടും ചോദ്യംചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

ജോളി ഫോണിൽ ദീർഘനേരം സംസാരിക്കുന്നയാളാണെന്ന് ഷാജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജോളി നടത്തിയ ഫോൺ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇതിൽ കൂടത്തായിയിലുള്ള ഒരു ബി.എസ്.എൻ.എൽ ജീവനക്കാരനെ പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പുവരെ ഇടയ്ക്കിടെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. കൂടാതെ വ്യാജ വിൽപത്രം തയ്യാറാക്കുന്നതിന് ജോളിയെ സഹായിച്ച തഹസിൽദാർ, അഭിഭാഷകൻ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെയും ഫോണിൽ വിളിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതിൽ പിന്നെ ജോളി ഫോൺചെയ്യുന്നതിന് വളരെയധികം നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇവരോട് കാര്യങ്ങൾ പങ്കുവച്ചതായുള്ള സൂചനയാണ് പുറത്തുവരുന്നത്. ഓരോരുത്തരെയും വിളിച്ച സാഹചര്യങ്ങൾ, സംസാരദൈർഘ്യം തുടങ്ങിയവയെല്ലാം ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇവരെ ചോദ്യംചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

ബി.എസ്.എൻ.എൽ ജീവനക്കാരനോട് കൂടത്തായിയിൽ തന്നെ നിൽക്കണമെന്ന് അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇയാൾ കൂടത്തായിയിലുണ്ട്. എന്നാൽ, ചോദ്യംചെയ്യലിന് എവിടെയെങ്കിലുമെത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടില്ല.

ജോളിയുടെ രണ്ടാംഭർ‌ത്താവിന്റെ ആദ്യഭാര്യ സിലിയുടെ ഒരു ബന്ധുവും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്ന വിവരവും ഇന്ന് പുറത്തുവരുന്നുണ്ട്. സിലിയുടെയും മകളുടെയും മൃതദേഹം പുറത്തെടുത്ത് രാസപരിശോധന നടത്തുന്നതിൽ എതിർപ്പ് ഉന്നയിച്ചയാളെയാണ് പൊലീസ് സംശയിക്കുന്നതെന്നാണ് വിവരം. അന്വേഷണത്തിന് നേരെ എതിർപ്പ് ഉന്നയിച്ച എല്ലാവരെയും പൊലീസ് നിരീക്ഷിക്കുന്നതായും സൂചനയുണ്ട്.

അതേസമയം കൂടുതൽ പേരെ പൊലീസ് ചോദ്യംചെയ്യാൻ ഒരുങ്ങുമ്പോൾ എവിടെവച്ചാകും ഈ ചോദ്യംചെയ്യലെന്ന വിവരം വ്യക്തമാക്കുന്നില്ല. കൂടുതൽ മാധ്യമശ്രദ്ധ പതിയാതെ ഏതെങ്കിലും രഹസ്യകേന്ദ്രം ഇതിനായി പൊലീസ് ഒരുക്കുകയാണെന്നാണ് സൂചന. ഇന്നലെ ഷാജുവിനെ റൂറൽ എസ്.പി ഓഫീസിൽ വിളിച്ചുവരുത്തി തന്നെയായിരുന്നു ചോദ്യംചെയ്തത്. എന്നാൽ ചോദ്യംചെയ്യൽ സംബന്ധിച്ച പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് കേസ് അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ 2002 മുതൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളിൽ കുടുംബത്തിലോ പുറത്തോ ഉള്ള ഒരാൾ കൂടി ആസൂത്രണം മുതൽ ജോളിക്ക് ഒപ്പമുണ്ടായിരുന്നോ എന്ന സംശയം കൂടി ഉയരുന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുകയാണ്. ആരെയും രക്ഷപ്പെടാൻ അനുവദിക്കാതെ കുടുക്കാനുള്ള തന്ത്രമാണ് പൊലീസ് മെനയുന്നത്. ജുവലറി ജീവനക്കാരനായിരുന്ന മാത്യുവാണ് എല്ലാ കൊലപാതകങ്ങൾക്കും സയനൈഡ് എത്തിച്ചുനല്കിയതെന്നാണ് ജോളിയുടെ മൊഴി. എന്നാൽ അറസ്റ്റിലായ ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതൊക്കെ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.