murder-

കണ്ണൂർ: കൊളവല്ലൂരിലെ സാബിറയെന്ന 22കാരി മരിച്ചപ്പോഴും അന്നതൊരു ആത്മഹത്യയായി എല്ലാവരും കരുതി. അതൊരു ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഒമ്പത് വർഷത്തിന് ശേഷം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. വെറും കൊലയല്ല പഴത്തിൽ സയനൈഡ് കലർത്തി നല്കി കൊന്നുവെന്നാണ് ഒമ്പത് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞവർഷം കോടതിക്ക് കൈമാറിയെങ്കിലും ഇതിലും പ്രതിക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

വിവാഹം കഴിഞ്ഞ് മാസം ഒമ്പതായപ്പോഴേക്കും ഭ‌ർത്താവിന് അവളെ മടുത്തു. നിറം പോരാ, സൗന്ദര്യം കുറവ്, അങ്ങനെ പല കാരണങ്ങൾ.. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. 2006 ആഗസ്റ്ര് രണ്ടിന് രാവിലെ 6.45 ഓടെയാണ് ചെറുപ്പറമ്പിലെ ഭർതൃവീട്ടിൽ സാബിറ കുളിമുറിയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചുവീഴുന്നത്. ഭർത്താവ് അബ്ദുൾ ലത്തീഫ് ഈ വിവരം പുറത്തറിയിച്ചത് ഭാര്യ ആത്മഹത്യ ചെയ്തെന്ന നിലയിലായിരുന്നു. എന്നാൽ, സാബിറയുടെ വീട്ടുകാർ നിരന്തരം പരാതിയുമായി നീങ്ങിയതിനെ തുടർന്നാണ് കേസ് വഴിമാറിയത്.


കൊളവല്ലൂർ പൊലീസ് ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തി ആന്തരാവയവങ്ങൾ പരിശോധിച്ചപ്പോൾ സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് മനസിലാക്കാനായി. എന്നാൽ ആ അന്വേഷണത്തിൽ ഒരിക്കലും ഒരു സാധാരണ വീട്ടമ്മയായ സാബിറയ്ക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതുൾപ്പെടെ സംശയങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. സ്ത്രീധന പീഡ‌നമാണോ ആത്മഹത്യയ്ക്ക് കാരണമെന്നൊക്കെ പൊലീസ് തിരക്കി. അന്വേഷണം ഈ വഴിക്ക് നീങ്ങിയതോടെ ഭർത്താവ് അബ്ദുൽ ലത്തീഫിനെ പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ ഒരു കൊലപാതകത്തിനുള്ള തെളിവൊന്നും അന്ന് കണ്ടെത്തിയതേയില്ല. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിൽ അതൃപ്തി തോന്നിയ സാബിറയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിനായി നിയോഗിക്കുന്നത്.


കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന വി.എൻ വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു പിന്നീട് അന്വേഷണം. അപ്പോഴേക്കും അബ്ദുൽ ലത്തീഫ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ചോദ്യം ചെയ്തപ്പോൾ സംഭവത്തിന് ഒരു വർഷം മുമ്പ് താനാണ് സയനൈഡ് തൃശൂരിൽ നിന്ന് വാങ്ങി വീട്ടിൽ സൂക്ഷിച്ചതെന്ന് അബ്ദുൽ ലത്തീഫ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യ തൃശൂരിൽ സുഖമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി സയനൈഡ് സംഘടിപ്പിച്ചതാണെന്നുമാണ് പറഞ്ഞത്. ഇത് താനറിയാതെ സാബിറ എടുത്ത് കഴിച്ചതായാണ് ഇയാളുടെ മൊഴി. പഴത്തിൽ സയനൈഡ് കലർത്തിയ ശേഷം കഴിക്കുകയായിരുന്നുവെന്നും പറഞ്ഞു.

അതിനിടെ സാബിറയുടെ മരണം ഹൃദയാഘാതമാക്കാനും ശ്രമം നടന്നിരുന്നു. സാബിറ ഉടുത്തിരുന്ന വസ്ത്രമുൾപ്പെടെ നീക്കംചെയ്തിരുന്നതായി അന്വേഷണസംഘത്തിന് നിഗമനമുണ്ടായി. വീട്ടിൽ പരിശോധന നടത്തിയ പൊലീസിന് പഴം കഴിച്ചതിന്റെ ശേഷിപ്പുകളൊന്നും കാണാനുമായില്ല. മാത്രമല്ല, കുളിമുറിയിൽ ബോധരഹിതയായി വീണ സാബിറയെ ആശുപത്രിയിലെത്തിക്കാൻ അബ്ദുൽ ലത്തീഫ് ശ്രമിക്കാതിരുന്നതും സംശയത്തിനിടയാക്കിയിരുന്നു. രണ്ട് ഡോക്ടർമാരെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെയാണ് മരണം സ്ഥിരീകരിക്കുന്നത്.

സംഭവത്തിന് ശേഷം അങ്ങനെയൊക്കെ ചെയ്തത് എന്തിനെന്ന് പൊലീസ് ചോദിച്ചതോടെയാണ് ഇയാൾ പതറിയത്. ഭാര്യയ്ക്ക് വയറിൽ ചില അസ്വസ്ഥതകൾ തോന്നിയിരുന്നതായും രാവിലെ വെറുംവയറ്റിൽ പഴം കഴിക്കുന്നത് ഉചിതമാണെന്ന് വിശ്വസിപ്പിച്ചാണ് പഴം നല്കിയതെന്നും ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞു. കഴിച്ച ഉടൻ അസ്വസ്ഥതകളുമായി സാബിറ ബാത്ത്റൂമിലേക്ക് ഓടി. പഴത്തിന്റെ അവശിഷ്ടങ്ങൾ അബ്ദുൽ ലത്തീഫ് നീക്കുകയായിരുന്നു.

അബ്ദുൽ ലത്തീഫ് നേരത്തെ ഗൾഫിൽ സ്വർണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളയാളാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. എങ്കിലും ഇയാൾ തൃശൂരിൽ നിന്നാണ് സയനൈഡ് വാങ്ങിയതെന്ന മൊഴിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇക്കാര്യത്തിലുള്ള ചോദ്യങ്ങളോട് അബ്ദുൽ ലത്തീഫ് സഹകരിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. നാർക്കോട്ടിക് സെല്ലിൽ നിന്ന് ഡിവൈ.എസ്.പി വി.എൻ വിശ്വനാഥൻ സ്ഥലംമാറിപ്പോയ ശേഷം പുതുതായി ചാർജ്ജെടുത്ത ഡിവൈ.എസ്.പി എം. കൃഷ്ണനാണ് കേസിൽ തുടരന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നല്കിയത്.