കൈകാലുകൾക്ക് വേദന, തരിപ്പ്, പുകച്ചിൽ, പുറംവേദന, തലയ്ക്കു പുകച്ചിൽ, വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന ഒരു രോഗിയിൽ ശാരീരികമായി ഒരു പ്രശ്നവും കണ്ടെത്താൻ ചിലപ്പോൾ ഡോക്ടർമാർക്കാവില്ല. ലബോറട്ടറി പരിശോധനയിലും ശരീരത്തിന്റേതായ യാതൊരു രോഗങ്ങളും കാണാതിരിക്കുകയും എന്നാൽ, രോഗിക്ക് ശാരീരിക ലക്ഷണങ്ങൾ വ്യക്തമായി അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ അത്ഭുതപ്പെടുത്തുന്നതാകും. സൈക്കോ സോമാറ്റിക് ലക്ഷണങ്ങൾ എന്നാണ് ഇതിനെ പറയുക.
വിഷാദരോഗം ഇന്ന് സർവ്വസാധാരണമാണ്. ഇത് ഗൗരവമേറിയതും ഉടനടി ചികിത്സ ആവശ്യമുള്ളതുമാണ്. എന്നാൽ നിർഭാഗ്യവശാൽ രോഗിക്കോ അയാളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഈ അവസ്ഥ മനസിലാക്കാൻ കഴിയാറില്ല. ദുഃഖം, അശുഭചിന്തകൾ, സ്വയം ഒരു മതിപ്പില്ലായ്മ എന്നിവയാണ് വിഷാദരോഗത്തിനു അടിമയാകുന്ന ഒരു രോഗി പ്രധാനമായും അനുഭവിക്കുന്ന വികാരങ്ങൾ.
കുട്ടികളെയും യുവാക്കളെയുംപോലും ഇത് ജീവിതത്തിൽ വലിയ വീഴ്ചയിലേക്ക് തള്ളിവിടുന്നു. കൗമാരക്കാരിൽ രണ്ടാഴ്ചയിൽ കൂടുതൽ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ അവർ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം. വിദ്യാർത്ഥികൾക്കിടയിൽ ഇതിന്ന് വ്യാപകമാണ്. കൗമാരപ്രായക്കാരിലേയും മുതിർന്നവരിലേയും ലക്ഷണങ്ങൾ വ്യത്യസ്തമാണ്. പഠനത്തിലുള്ള സമ്മർദ്ദം, സഹപാഠികളിൽ നിന്നുള്ള സമ്മർദ്ദം, സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന ഭീഷണികൾ, സഹപാഠികളോടുള്ള മത്സരം എന്നിവയെല്ലാം വിദ്യാർത്ഥികളിൽ വിഷാദരോഗത്തിന് കാരണമാണ്.
30 വയസിന് താഴെയുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണം ഒരുപാട് കഴിക്കുകയോ അല്ലെങ്കിൽ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, ചുറ്റുപാടിൽ നിന്നും ഉൾവലിഞ്ഞിരിക്കുക, അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്ക കുറവ് എന്നിവ രോഗലക്ഷണങ്ങളാണ്.
ഒരിക്കൽ സന്തോഷം നൽകിയിരുന്ന പ്രവൃത്തികൾ പോലും രോഗിയെ സന്തോഷപ്പെടുത്തുകയില്ല. ചിന്തകളെ ഉറപ്പിച്ചോ കേന്ദ്രീകരിച്ചോ നിറുത്താൻ കഴിയില്ല. ദൈനദിന ജീവിതത്തിലെ കൊച്ചു കാര്യങ്ങൾ മറന്നുപോകും. സ്വയം വിലകുറച്ചുകാണുക വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമാണ്. അമിത ഉത്കണ്ഠയും വലിയതോതിൽ കാണുന്നു. രോഗികൾക്ക് മരുന്നുകളേക്കാൾ സ്നേഹത്തോടെയുള്ള പരിചരണവും ഇടപെടലുകളും ആശ്വാസം നല്കും.
ഡോ. പി.കെ ഉപേഷ് ബാബു
ശ്രീ സത്യസായി ഹോമിയോപതിക് ക്ളിനിക്,
മാർക്കറ്റ് റോഡ്, പെരുമ്പ,
പയ്യന്നൂർ.
ഫോൺ: 9447687432.