കണ്ണൂർ: ബി.ജെ.പിയുടെ വളർച്ച തടയാനും പുതുതലമുറയെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനുമായി സി.പി.ഐ വേദം പഠിപ്പിക്കുന്നു.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. എൻ.ഇ. ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി 25 മുതൽ മൂന്നു ദിവസം നീളുന്ന സെമിനാറിന് ഭാരതീയം 2019 എന്നാണ് പേരിട്ടിരിക്കുന്നത്.
ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളിൽ നടത്തുന്ന ശോഭായാത്രയ്ക്ക് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബദൽ സാംസ്‌കാരിക യാത്ര ശ്രദ്ധേയമായ പശ്ചാത്തലത്തിലാണ് കൗമാരക്കാരെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി സി.പി.ഐ രംഗത്തിറങ്ങുന്നത്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയിൽ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറിൽ ക്ലാസെടുക്കുക.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ഭാരവാഹികളുടെ വിശദമായ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആറുമാസത്തിനകം സംസ്ഥാനത്ത് മുഴുവൻ വേദ സെമിനാർ നടത്താനാണ് പരിപാടി. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ സെമിനാർ ഉദ്ഘാടനം ചെയ്യും.
''വർഗീയ ലക്ഷ്യങ്ങൾക്കായി വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുർവ്യാഖ്യാനം ചെയ്യുന്ന ആർ.എസ്.എസിനെ പ്രതിരോധിക്കുകയാണ് സെമിനാർ കൊണ്ടുദ്ദേശിക്കന്നത്.
-സി.എൻ. ചന്ദ്രൻ, ചെയർമാൻ, എൻ.ഇ. ബലറാം സ്മാരക ട്രസ്റ്റ്