കാഞ്ഞങ്ങാട്: റെയിൽവെ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതിനാൽ നഗരം ഗതാഗതക്കുരുക്കിൽ. റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധം ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുകയാണ്.

ഓട്ടോകളും ബൈക്കുകളും കാറുകളും ഒരുപോലെ ഇവിടെ നിർത്തിയിട്ടിരിക്കുന്നതു കാണാം. പലപ്പോഴും കാൽനടയാത്രപോലും ഇവിടെ ദുസ്സഹമാണ്. അധികൃതരുടെ സത്വരശ്രദ്ധ റെയിൽവെ സ്‌റ്റേഷൻ റോഡിലുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഓട്ടോകളുടെ അശാസ്ത്രീയമായ ഓട്ടവും മറ്റു യാത്രക്കാർക്ക് തെല്ലൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്. റെയിൽവെ സ്‌റ്റേഷൻ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കു മൂലം യാത്രക്കാർക്ക് യഥാസമയം എത്താൻ കഴിയാതെ ട്രെയിൻ മിസായ സംഭവവുമുണ്ടായിട്ടുണ്ട്.