കാസർകോട്: മഹാനവമി നാളിലെ രഥോത്സവത്തിൽ പങ്കെടുക്കാനും വിജയദശമിനാളിൽ വിദ്യാരംഭം കുറിക്കാനും കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ പതിനായിരങ്ങളെത്തി. ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിൽ സമ്പത്‌സമൃദ്ധമായ പുതുവർഷം സങ്കല്പിച്ച് ദേവിക്ക് പൂജ നടത്തി. നവ അന്നപ്രാശം (നിറപുത്തരി) ചടങ്ങുകളുടെ ഭാഗമായി കൊല്ലൂർ നിവാസികൾക്ക് നെൽക്കതിർ നൽകി അരി അളന്നുനൽകിയതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി.
പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നയുടനേ സരസ്വതീ മണ്ഡപത്തിൽ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിൽ നാവിൽ സ്വർണമോതിരം കൊണ്ട് എഴുതിയും അരിയിൽ ചൂണ്ടുവിരൽ കൊണ്ട് 'ഹരിഃശ്രീ ഗണപതയേ നമഃ 'എഴുതിയും കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു. നവമി ദിനത്തിലാണ് കൊല്ലൂർ രഥോത്സവം അരങ്ങേറിയത്. ഈ വർഷം നവരാത്രി ആഘോഷങ്ങളിൽ സംബന്ധിക്കാൻ അഭൂതപൂർവമായ ജനസഞ്ചയമാണ് കൊല്ലൂരിൽ എത്തിയതെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് പറഞ്ഞു.