തളിപ്പറമ്പ്: യൂറോപ്പിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ വാട്ടർ അതോറിട്ടി ജീവനക്കാരനായ ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലങ്കര പാറത്തോട് ബ്ലോക്ക് നമ്പർ 391 ജമീല മൻസിലിൽ പന്തമാക്കൽ വീട്ടിൽ അബ്ദുൾ കെ. നാസർ എന്ന അബ്ദുൾഖാദറി (56)നെയാണ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അബ്ദുൾ ഖാദർ ഇപ്പോൾ വാട്ടർ അതോറിട്ടി തേക്കടി ഓഫീസിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ പാലാവയൽ തയ്യേനിയിലെ ലിബിൻ മാത്യുവിന്റെ പരാതിയിലാണ് അറസ്റ്റ്. എരുമേലി സ്വദേശി കിഷോർ കൂടി തട്ടിപ്പു സംഘത്തിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കിഷോർ 70 ലക്ഷം രൂപ തട്ടിയതായാണ് വിവരം.ലിബിൻ മാത്യുവിന് പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്. എറണാകുളത്തെ 32 പേരിൽ നിന്നായി 1.25 കോടി രൂപയാണ് തട്ടിയെടുത്തത്. പാലാ സ്വദേശി ജോഷിയിൽ നിന്ന് 15 ലക്ഷം, ചെങ്ങന്നൂരിലെ പ്രദീപിൽ നിന്ന് ഒരു ലക്ഷം, കുമളിയിലെ ബേബിയിൽ നിന്ന് 10 ലക്ഷം, കോതമംഗലത്തെ സജിയിൽ നിന്ന് 42 ലക്ഷം, ഇടുക്കിയിലെ ഷീബയിൽ നിന്ന് മൂന്ന് ലക്ഷം, കണ്ണൂരിലെ ഡെന്നീസിൽ നിന്ന് ഒരു ലക്ഷം, തൃശൂരിലെ ജോസഫിൽ നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയും അബ്ദുൾ ഖാദർ പണം തട്ടിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനെന്ന വിശ്വാസം മുതലെടുത്താണ് അബ്ദുൾഖാദറിന്റെ തട്ടിപ്പ്. തേക്കടി പമ്പ്ഹൗസിൽ പമ്പ് ഓപ്പറേറ്ററായ ഇയാൾ 20 ദിവസമായി മറ്റൊരാളെ പകരംവച്ച് ജോലി ചെയ്യിക്കുകയായിരുന്നു. ചെറുപുഴ എസ്.ഐ മഹേഷ് കെ. നായർ, അഡിഷണൽ എസ്.ഐ വിജയൻ, സീനിയർ സി.പി.ഒ മുഹമ്മദലി, ഡിവൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, സൈബർ സെല്ലിലെ വിജേഷ് കൊയിലൂർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.