കാസർകോട്: അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന സ്ഥിരം കുഴപ്പക്കാരായ കുറ്റവാളികളെ അറസ്റ്റുചെയ്ത് ബന്ധപ്പെട്ട പൊലീസ് അധികൃതർക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. അതിർത്തിയിൽ ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന വാഹനസഞ്ചാര യോഗ്യമായ പത്ത് പാതകളിലും പൊലീസ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് വാഹന പരിശോധന നടത്തും. സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ശ്രമങ്ങൾക്ക് തടയിടാനാണ് ഈ തീരുമാനം.

അതിർത്തിയിലെ വനമേഖലകളിലൂടെ ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന ആറ് നടപ്പാതകളിലും സമീപപ്രദേശങ്ങളിലും ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തും. തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.സി.ആർ.ഐ ഡി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ കാസർകോട് എ.ഡി.എം കെ. അജേഷ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി. ആർ. രാധിക, റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എൻ. പ്രേമചന്ദ്രൻ, ഫിനാൻസ് ഓഫീസർ കെ. സതീശൻ, ഹുസൂർ ശിരസ്തദാർ കെ. നാരായണൻ, ഇൻകം ടാക്‌സ് എഡി: സുബ്രഹ്മണ്യൻ, മംഗളൂരു കൊമേഴ്‌സ്യൽ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണർ ആർ.എം. യെരിസ്വാമി, മംഗളൂരു ആർ.ടി.ഒ രാമകൃഷ്ണ റൈ, മംഗളൂരു ഡിവൈ.എസ്.പിമാരായ ശിവപ്രസാദ്, അമർനാഥ് എസ്.എസ്. ഭണ്ഡാരി, മുരളീധര, കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദൻ, ജി.എസ്.ടി കാസർകോട് ഡെപ്യൂട്ടി കമ്മീഷണർ കെ. മധു, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ എസ്. എസ്. ശംഷാദ് തുടങ്ങിയവരും സംബന്ധിച്ചു.