കാസർകോട്: കേരളകൗമുദി പാലക്കുന്ന് ഏജന്റ് കോട്ടിക്കുളത്തെ പി. ഗോപാലന്റെ (55)
ജീവൻ കവർന്ന വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട്ടിൽ അറസ്റ്റിലായി. തിരുപ്പതി സ്വദേശി ദിനേശനെ (20) യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
ഉഡുപ്പിയിലെ ഫാമിലേക്ക് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുപോയി തിരിച്ചു വരികയായിരുന്ന ടി.എൻ 42 പി 4276 നമ്പർ ബൊലേറോ പിക്കപ്പ് വാനാണ് നടന്നുപോവുകയായിരുന്ന ഗോപാലനെ ഇടിച്ചുതെറിപ്പിച്ചത്. ഉദുമ പള്ളത്ത് വച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിറുത്താതെ പോവുകയായിരുന്നു. സെപ്തംബർ 30ന് നടന്ന അപകടത്തെ തുടർന്ന് ഗോപാലൻ ഒക്ടോബർ നാലിന് പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു. അപകടസമയം ഉദുമ പാലക്കുന്ന് വഴി കടന്നുപോയ അഞ്ഞൂറോളം വാഹനങ്ങൾ പരിശോധിച്ചശേഷമാണ് ബേക്കൽ സി.ഐ പി. നാരായണൻ, എസ്.ഐ പി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചത്. ബേക്കൽ പൊലീസ് തിരുപ്പതിയിൽ ചെന്നാണ് വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രിയിൽ ഗോപാലൻ നടന്നുപോകുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. സി.സി ടിവി ദൃശ്യങ്ങളുടെയും പള്ളിക്കര ടോൾ ബൂത്തിലെ ജീവനക്കാരുടെയും സൈബർ പൊലീസിന്റെയും സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞത്.