തുക്കരിപ്പൂർ: സെന്റ് പോൾസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കാഞ്ഞങ്ങാട് മേഖലാതല ബൈബിൾ കലോത്സവത്തിൽ പയ്യന്നൂർ പുഞ്ചക്കാട് സെന്റ് ജോസഫ് ഇടവക ജേതാക്കളായി. തൃക്കരിപ്പൂർ സെന്റ് പോൾസ് ഇടവകയ്ക്കാണ് രണ്ടാം സ്ഥാനം.

കാഞ്ഞങ്ങാട് ഫൊറോനാ വികാരി ഫാദർ തോംസൺ കൊറ്റിയത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ഫാദർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. ഫാദർ ജോർജ് ജെറി, ഫാദർ പീറ്റർ പാറേക്കാട്ടിൽ, ഫാദർ പീറ്റർ കനീഷ്, ഫാദർ തോമസ് പഴേപ്പറമ്പിൽ, ഫാദർ ജോസഫ് തുണ്ടിക്കരോട്ട്, സാലി ജോസഫ്, ജോൺ ബ്രിട്ടോ എന്നിവർ പ്രസംഗിച്ചു. നേരത്തേ ബൈബിൾ പ്രദക്ഷിണവും പ്രതിഷ്ഠയും നടന്നു.

കലോത്സവത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 13 ഇടവകകളിലെ 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഫാദർ മാർട്ടിൻ മാത്യു വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കണ്ണൂർ രൂപതയിലെ കാഞ്ഞങ്ങാട് മേഖലാതല ബൈബിൾ കലോത്സവം തൃക്കരിപ്പൂർ സെന്റ് പോൾസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഫൊറോനാ വികാരി ഫാദർ തോംസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

ഗാന്ധിവര ചിത്രരചനാ മത്സരം

ചെറുവത്തൂർ: ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് കാരിയിൽ ശ്രീകുമാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിവര ജില്ലാ തല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കാരിക്കേച്ചർ ആർടിസ്റ്റ് ശിഹാബ് ഉദിനൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി മധു അധ്യക്ഷനായിരുന്നു. യു.പി, ഹൈസ്‌കൂൾ തലങ്ങളിലായി നടന്ന മത്സരത്തിൽ അഷിത തമ്പാൻ, ടി. ശ്രീനാഥ്, ടി.വി. അർജ്ജുൻ, കെ. ആദിത്യൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എൻ. ഷൈജു, ടി. മാധവൻ, ടി.വി. രാജു എന്നിവർ സംസാരിച്ചു.


കെ.എം.കെയുടെ സംഗീതാർച്ചന

തൃക്കരിപ്പൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കെ.എം.കെ. സ്മാരക കലാസമിതി സംഗീതാർച്ചനയിൽ
പൊലീസ് സേനയിലെ ഗായകൻ എം. പ്രദീപൻ, പ്രൊഫഷണൽ രംഗത്ത് ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന ദർശന മോഹൻ, രതീഷ് ആയിറ്റി തുടങ്ങി ഇരുപത്തഞ്ചോളം യുവഗായകർ പങ്കെടുത്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൂലേരി എൽ.പി. സ്‌കൂളിലെ ഗോപിക പവിത്രന്റെ ആലാപനം ശ്രദ്ധേയമായി. മൺചിരാത് വിളക്കു കൊളുത്തി കെ.എം.കെ അലങ്കരിച്ചിരുന്നു.

കെ.എം.കെ സിക്രട്ടറി കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇ. ചന്ദ്രൻ നിയന്ത്രിച്ചു. പി.പി. രഘുനാഥൻ, ഷാജി കപ്പണക്കാൽ, കെ. അമ്പു, കെ.വി. ലക്ഷ്മണൻ, പ്രശാന്ത്, കെ.വി. ശശി, ടി. സതീശൻ, വി.എം. ബാലൻ, എം.കെ. അനീഷ് നേതൃത്വം നൽകി.

ഹൊസ്ദുർഗ് ശ്രീമാരിയമ്മ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം

ചായ്യോത്ത് പെരിങ്ങാര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ റിട്ടയേർഡ് പ്രൊഫസർ യു.ശശി മേനോൻ കുട്ടികളെ എഴുത്തിനിരുത്തുന്നു.