jolly-thomas-

കോഴിക്കോട്: പൊലീസിന്റെ താഴുവീണ പൊന്നാമറ്റം വീട് ഭീതിയുടെ കൂടാരംപോലെയാണ് ആൾക്കാർക്കിന്ന്. രാവിലെ മുതൽ കൂടത്തായി ജംഗ്ഷനിൽ നിന്ന് 300 മീറ്റർ അകലെയുള്ള വീട് കാണാൻ നിരവധി പേർ വാഹനങ്ങളിലെത്തുന്നുണ്ട്. വന്നവരിൽ പലരും മൊബൈലിൽ ഫോട്ടോയെടുക്കുന്നു. ആറ് മരണങ്ങൾക്ക് കാരണക്കാരിയായ മരുമകൾ ജോളി ഈ വീടിനെ ഇങ്ങനെ മാറ്റിമറിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പൊന്നാമറ്റം വീട് തേടിയെത്തുന്നവരോട് ഇങ്ങനെയൊന്നുമായിരുന്നില്ല ഈ വീടെന്ന് പ്രദേശവാസികൾ തിരുത്തുന്നു.

പൊന്നാമറ്റം വീട് കൊതിച്ചെത്തിയ മരുമകളായിരുന്നു ജോളി

വിദ്യാഭ്യാസ വകുപ്പിൽ ക്ളാർക്കായി ജോലിചെയ്തിരുന്ന ടോം തോമസും സ്കൂൾ അദ്ധ്യാപിക അന്നമ്മയും കൂടത്തായിയിലെത്തുന്നത് 40 വർഷങ്ങൾക്ക് മുമ്പാണ്. താമരശ്ശേരി വിദ്യാഭ്യാസ ഓഫീസിൽ ജോലി ചെയ്യുന്ന ടോം തോമസിന്റെയും കൂടത്തായി ആസാദ് എൽ.പി സ്കൂൾ അദ്ധ്യാപികയായിരുന്ന അന്നമ്മയുടെയും ജോലിയുടെ സൗകര്യാർത്ഥമാണ് ഇവിടെ വീടും സ്ഥലവും വിലയ്ക്ക് വാങ്ങുന്നത്. വീട്ടിൽ നിന്ന് അരകിലോമീറ്ററേ അന്നമ്മയ്ക്ക് സ്കൂളിലേക്ക് നടക്കാനുള്ളൂ. മമ്മിക്കയെന്നയാളുടെ ചെറിയ വീടും പറമ്പുമാണ് വാങ്ങിയത്. അന്ന് വീട്ടിലേക്ക് ഇടവഴി മാത്രമേയുള്ളൂ. ഇതിന് മുന്നിലൂടെയുള്ള റോഡ് നിർമ്മിക്കുന്നതുപോലും ടോം തോമസിന്റെ ഇടപെടലിലൂടെയാണെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു. ഇങ്ങനെ നാട്ടിലെ എല്ലാകാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന ടോം തോമസിന്റെ വീട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ദിവസേന നിരവധി പേർ വരുന്നതും പതിവായിരുന്നു.

ടോം തോമസും അന്നമ്മയും ഇവിടെ താമസമാക്കുമ്പോൾ മൂത്തമകൻ റോയിയാണ് ഒപ്പമുണ്ടായിരുന്നത്. ഇവിടെവച്ചാണ് റോജോയും റെഞ്ചിയും പിറന്നത്.

റോയിയുടെ വിവാഹത്തിന് മുമ്പാണ് ഇന്ന് കാണുന്ന ഇരുനില വീട് ടോം തോമസ് നിർമ്മിക്കുന്നത്. സർക്കാർ ജോലിക്കാരാണെങ്കിലും ടോം തോമസും അന്നമ്മയും എപ്പോഴും അദ്ധ്വാനിക്കാൻ ഇഷ്ടപ്പെട്ടിരുന്നവരാണ്. സ്വപ്നവീടിന് വേണ്ടിയും ഇവർ തൊഴിലാളികൾക്കൊപ്പം കഠിനാദ്ധ്വാനംചെയ്തു. വീട് പണി പൂർത്തിയായപ്പോഴേക്കും റോയിയെ കൊണ്ട് വിവാഹം ചെയ്യിക്കാനുള്ള ആഗ്രഹവും മാതാപിതാക്കൾക്കുണ്ടായി. അകന്നബന്ധത്തിലുള്ള ജോളിയെ അങ്ങനെയാണ് വധുവായി ഇവർ തിരഞ്ഞെടുത്തതെന്ന് അടുത്തവീട്ടുകാർ പറയുന്നു. അന്ന് റോജോയും റെഞ്ചിയും വിദ്യാർത്ഥികളാണ്. ആഘോഷമായിട്ടായിരുന്നു റോയിയുടെ വിവാഹം. എന്നാൽ, വലതുകാലുവച്ച് പൊന്നാമറ്റം വീട്ടിലേക്ക് കയറിവന്ന മരുമകൾ പിന്നെ ഈ വീട്ടിലെ കൊലയാളിയായ ചിത്രമാണ് നാട്ടുകാരെയാകെ നൊമ്പരപ്പെടുത്തുന്നത്.

ജോളിയെത്തുമ്പോൾ ഈ നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള വീടാണ് പൊന്നാമറ്റം. എന്നാൽ, ടോം തോമസും അന്നമ്മയും എപ്പോഴും അദ്ധ്വാനിച്ചുകൊണ്ടിരുന്നവരായതിനാൽ ഇവിടെ പശുക്കളും കൃഷിയുമൊക്കെയുണ്ടായിരുന്നു. കപ്പ, ചേമ്പ്, മഞ്ഞൾ, വാഴയെന്നിങ്ങനെയായിരുന്നു പറമ്പിലെ പ്രധാന കൃഷി. അന്നമ്മ ടീച്ചർ രണ്ട് പശുക്കളെ മക്കളെ പോലെ തന്നെയായിരുന്നു പരിപാലിച്ചിരുന്നത്. കറവയുള്ളപ്പോൾ സമീപവാസികളൊക്കെ ഇവിടെ പാൽവാങ്ങാനും വരുമായിരുന്നു.

വീട്ടിലെ വിളക്കായി തിളങ്ങി
ജോളിയെന്ന മരുമകൾ അന്ന് ഈ വീട്ടിലെ വിളക്ക് തന്നെയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടോം തോമസും അന്നമ്മയും അയൽവാസികളോട് പെരുമാറുന്നത് കണ്ടുമനസിലാക്കിയ അവൾ വേഗത്തിൽ ഇവരുമായൊക്കെ അടുത്തു. ടോം തോമസും അന്നമ്മയും ജോലയിൽ നിന്ന് വിരമിച്ചശേഷം കൂടുതൽ കൃഷിയിലേക്ക് തിരിഞ്ഞു. ഇവർക്ക് വീട്ടുപറമ്പ് കൂടാതെ അടുത്ത് വേറെയും കൃഷി സ്ഥലമുണ്ടായിരുന്നു. ജോളി അക്കാലത്ത് പഠിക്കാനായി പുറത്തുപോകുമായിരുന്നു.

വിരമിച്ചശേഷം നടുവേദനയാണ് അന്നമ്മയെ ആദ്യം അലട്ടിയത്. ശക്തമായ നടുവേദന വന്ന് വിശ്രമിക്കാറുണ്ടായിരുന്നു. ഈ സമയത്ത് ജോളിയായി പൊന്നാമറ്റത്തെ അടുക്കളക്കാരി. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ജോളി ഒരു കുഞ്ഞിന് ജന്മം നൽകി. പിന്നീട് ഒരു കുട്ടികൂടി പിറന്നു. രണ്ടുകൊച്ചുമക്കളേയും ലാളിച്ചാണ് അമ്മൂമ്മയും അപ്പൂപ്പനും വളർത്തിയത്. മൂത്തമകന് രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് അന്നമ്മ മരിക്കുന്നത്.

ആട്ടിൻസൂപ്പും കപ്പയും

അന്നമ്മ കർക്കടകത്തിൽ ദേഹരക്ഷയ്ക്കായി ആട്ടിൻസൂപ്പ് കഴിക്കാറുണ്ടായിരുന്നു. ഈ ആട്ടിൻസൂപ്പ് തന്നെയാണ് അവരുടെ ജീവനെടുക്കാൻ ജോളി ഉപയോഗിച്ചതും. അന്ന് രാവിലെ പശുവിനെയൊക്കെ കറന്ന് പാലൊക്കെ നല്കിയാണ് അന്നമ്മ സൂപ്പ് കഴിക്കാൻ പോയത്. ഇതിന് ശേഷം അസ്വസ്ഥത തോന്നി കിടക്കാൻ പോകുന്നതിനിടെയായിരുന്നു മരണം. ഭാര്യയുടെ മരണം ടോംതോമസിനെ ഏറെ തളർത്തി. ഇതിന് ശേഷവും കൃഷിയൊക്കെ നടത്തിയിരുന്നുവെങ്കിലും അന്നമ്മയില്ലാത്തതിന്റെ വിഷമം പലരോടും പങ്കുവച്ചിട്ടുണ്ട്. ആറുവർഷം കഴിയുമ്പോഴേക്കും ഇഷ്ടവിഭവമായ കപ്പയിൽ വിഷം കലർത്തി ജോളി ടോം തോമസിന്റെ ജീവനുമെടുത്തു.

ഇതിനിടെ റെ‌ഞ്ചിയുടെയും റോജോയുടെയും വിവാഹമൊക്കെ കഴിഞ്ഞ് ഇവർ പൊന്നാമറ്റത്ത് നിന്ന് പോയിരുന്നു. റോയിയും ജോളിയും മക്കളുമായി പിന്നീട് പൊന്നാമറ്റത്തെ താമസക്കാർ.

റോയിക്ക് അടുത്തവീട്ടുകാരോട് വലിയ കാര്യംതന്നെയായിരുന്നു. എന്നാൽ, റോയിയുടെ മാതാപിതാക്കളുടെ മരണത്തിന് ശേഷം ജോളി അല്പം അകലംപാലിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

'ജോലി കിട്ടിയ കാലം'

അന്നമ്മ ടീച്ചർ ജീവിച്ചിരിക്കുന്ന കാലത്താണ് ജോളി തനിക്ക് എൻ.ഐ.ടിയിൽ ജോലി ലഭിച്ചതായി പ്രചരിപ്പിച്ച് തുടങ്ങുന്നത്. അന്നമ്മ ടീച്ചർ തന്നെ ജോളിക്ക് ജോലി ലഭിച്ചതായി ചിലരോടൊക്കെ പറഞ്ഞിരുന്നു. ഇതിൽ ഇവർ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വീട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഈ ജോലിയെന്ന് അറിയാതെ അവർ ഈ ലോകത്തിൽ നിന്ന് മറഞ്ഞു. ഇതിന് ശേഷം പൊന്നാമറ്റം വീട്ടിലെ അടുക്കളയിൽ പുകയുയരുന്നതൊക്കെ കുറഞ്ഞുവെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. ജോളി പലപ്പോഴും പുറത്തേക്ക് പോകുന്നതാണ് ഇവർ കാണാറ്. ഭക്ഷണം വാങ്ങിക്കൊണ്ടുവരികയും വരുത്തിക്കുകയും ചെയ്യുന്നതായി ഇവർക്കറിയാം. റോയിയുടെ മരണത്തോടെ ഇത് കൂടിവന്നിരുന്നതായും ഇവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, പൊന്നാമറ്റം വീട് അപ്പോഴേക്കും നാട്ടുകാരിൽ നിന്ന് ഏറെ അകന്നിരുന്നു.

മരണങ്ങൾ വീടിന്റെ പ്രശ്നം,​ കിണറുകൾ മൂന്ന്

തുടർച്ചയായി മരണങ്ങളുണ്ടാകുന്നത് പൊന്നാമറ്റം വീടിന്റെ വാസ്തു പ്രശ്നമായും ചിത്രീകരിക്കപ്പെട്ടതായി അടുത്തവീട്ടിലെ വട്ടച്ചൻകണ്ടി ആയിഷ പറയുന്നു. അന്നമ്മയുടെ മരണത്തെ തുടർന്ന് തന്നെ ഈ വിഷയം ഉരുണ്ടുകൂടിയിരുന്നതായാണ് ഓർക്കുന്നത്. നേരത്തെ ഈ പറമ്പിലുണ്ടായിരുന്ന ഒരു കിണർ വീടിന് ഗുണമല്ലെന്ന് പറഞ്ഞു മൂടിയിരുന്നു. തുടർന്ന് വീടിന് സമീപം ഒരു കിണർ കുത്തി. ഈ രണ്ട് കിണറിലേയും വെള്ളവും മോശമായിരുന്നത്രേ. തുടർന്ന് പറമ്പിൽ മറ്റൊരു കിണറും നിർമ്മിച്ചിരുന്നതായി പറയുന്നുണ്ട്.

വീട്ടിലെ ടോയ്ലറ്റിന്റെ സ്ഥാനം ശരിയല്ലെന്ന വാദവുമുയർന്നിരുന്നു. ആദ്യം നിർമ്മിച്ച പുറത്തെ ടോയ്ലറ്ര് ഇപ്പോഴും പൊന്നാമുറ്റത്തു കാണാം. മാതാപിതാക്കളുടെ മരണത്തിന് ശേഷം റോയിയും ഇക്കാര്യത്തിൽ ആശങ്കപ്പെട്ടിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തുന്നുണ്ട്. ഒരുദിവസം മകന്റെ തൊട്ടിൽ തനിയെ ആടുന്നതായി റോയി സമീപത്തെ ആയിഷയോട് പറഞ്ഞിരുന്നതായി അവർ വെളിപ്പെടുത്തുന്നു. ഇങ്ങനെയാണ് ജോളി മുൻകൈയെടുത്ത് കട്ടപ്പനയിലുള്ള മന്ത്രവാദിയേയും സമീപിക്കുന്നതെന്ന് കരുതുന്നു. ഈ മന്ത്രവാദി നല്കിയ മരുന്ന് റോയിയും മരണപ്പെട്ട സിലിയും കഴിച്ചിരുന്നതായും ഇപ്പോൾ വിവരം പുറത്തുവരുന്നുണ്ട്. ഇയാളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടിന് മുന്നിലെ മരങ്ങളും ഐശ്വര്യക്കേടായി ജോളി പ്രചരിപ്പിച്ചിരുന്നു. പറമ്പിലെ ചില മരങ്ങൾ ഇവർ മുറിച്ചുവിറ്റ് പണംവാങ്ങിയ വിഷയവുമുണ്ടായി. കപ്പയൊക്കെ നടാൻ ജോളി സ്ഥലം വിട്ടുനല്കിയിരുന്നുവെന്നും പറയുന്നു.

ആഘോഷമായി കപ്പ വാട്ടൽ

പൊന്നാമറ്റം വീട്ടിലെ വർഷത്തിലുള്ള കപ്പവാട്ടൽ വലിയ ആഘോഷമായാണ് ഇടയ്ക്കൊക്കെ ജോലിക്ക് വരാറുണ്ടായിരുന്ന തടത്തിൽ പ്ളാക്കിൽ ഏലിയാമ്മ പറയുന്നത്. പൊന്നാമറ്റം വീട്ടുപണിക്കായാണ് ആദ്യം ഏലിയാമ്മ എത്തുന്നത്. ഇതിന്റെ മുഴുവൻ ജോലികളിലും പങ്കാളിയായതോടെ ടോം തോമസിനും അന്നമ്മയ്ക്കും ഏലിയാമ്മയുടെ കുടുംബത്തെ ഏറെ ഇഷ്ടമായി. പിന്നെ ഇവിടത്തെ വിശേഷങ്ങളിലും ജോലികളിലുമൊക്കെ ഇവരും പങ്കാളിയായിരുന്നു. ജോലി കൂടുതലുണ്ടെങ്കിൽ ഏലിയാമ്മയെയും അമ്മ അന്നമ്മയെയും അന്നമ്മ ടീച്ചർ വിവരമറിയിക്കും. ഇവർ ഓടിയെത്തുകയും ചെയ്യും.

പിന്നെ ഇവർ വിളിച്ചാൽ ഓടിയെത്തുന്ന നാട്ടുകാരനായ സുന്ദരനും ഭാര്യ വിലാസിനിയുമുണ്ട്. ഇവരൊക്കെ വർഷത്തിൽ സജീവമായി പങ്കെടുക്കുന്ന ജോലിയാണ് ടോം തോമസിന്റെ വീട്ടിലെ കപ്പ വാട്ടൽ. വർഷകാലത്ത് ഉപയോഗിക്കാനായി കപ്പ ഉണക്കി സൂക്ഷിക്കാനായിരുന്നു അത്. ഫെബ്രുവരി, ​മാർച്ച് മാസങ്ങളിലെ ഒരു ദിവസമാണ് അത് ചെയ്തിരുന്നത്. കപ്പ ചെത്തിയൊരുക്കാനും ഉണക്കാനും ടോം തോമസിനും അന്നമ്മയ്ക്കുമൊപ്പം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരൻ മാത്യു ഉൾപ്പെടെ കുടുംബക്കാരെല്ലാവരുമെത്തും. ഇവരുടെ മരണത്തോടെ ഈ വീടുമായുള്ള ബന്ധം കുറഞ്ഞുവെന്നും ഏലിയാമ്മ വ്യക്തമാക്കുന്നു.