ps-sreedaran-pillai

കാസർകോട്: എസ്. എൻ.ഡി. പി, എൻ. എസ് .എസ്. നിലപാടുകൾ എൻ. ഡി. എ ക്ക് എതിരല്ലെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. കേരള ചരിത്രത്തിൽ നിർണ്ണായക പ്രാധാന്യമുള്ള ഈ സംഘടനകളുടെ തലപ്പത്തുള്ളവർക്ക് സ്വന്തമായി നിലപാട് പ്രഖ്യാപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.

സംസ്ഥാനത്ത് അഞ്ചിടത്തെയും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ പ്രബല കക്ഷിയായി മാറിയിട്ടുണ്ട്. നിസാര വോട്ടുകളുടെ വ്യത്യാസത്തിൽ ജനവിധി ഉണ്ടായിട്ടുള്ള ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ ബി.ജെ.പി കരുതലോടെ വീക്ഷിക്കുകയാണ്. യു.ഡി.എഫും എൽ. ഡി. എഫും പരസ്പര സഹകരണ മുന്നണിയാണ്.ജനങ്ങളെ ഇവർ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും സി.പി.ഐയും ആത്മഹത്യാ മുനമ്പിലാണ്. പ്രധാന പ്രതിപക്ഷമായി മാറിയിരുന്ന ഇടതുപക്ഷം ഇന്ന് തകർന്നു. 2014 ൽ 59 സീറ്റ് ലോക്‌സഭയിൽ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അഞ്ച് തികയ്ക്കാൻ സി.പി.എമ്മിന് എം പിമാരില്ല. കേരളത്തിൽ19 സീറ്റിലും തോൽപ്പിച്ച കോൺഗ്രസിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് സി പി എം കേന്ദ്ര കമ്മറ്റി പാർട്ടി രേഖ തയ്യാറാക്കിയതെന്ന് സി പി എം രേഖ ഉയർത്തികാണിച്ചു കൊണ്ട് ശ്രീധരൻപിള്ള പറഞ്ഞു. മഞ്ചേശ്വരത്ത് വർഗീയ പ്രീണനം നടത്തുകയാണ് ബി ജെ പി എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ ആത്മവഞ്ചനക്കുള്ള അവാർഡ് നൽകുന്നുവെങ്കിൽ അത് ചെന്നിത്തലക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.