കാസർകോട്: സിവിൽ സപ്ലൈസ് ഓഫീസിലെ സ്വീപ്പർ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാസർകോട് വിദ്യാനഗറിൽ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയതായി സംശയം. 20 ദിവസം മുമ്പ് പ്രമീളയെ വാക്കുതർക്കത്തിനിടെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിന് താഴെ കല്ലിൽ കെട്ടി താഴ്ത്തിയെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫയർഫോഴ്സ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കിട്ടിയില്ല.
ഭർത്താവ് ആട്ടോറിക്ഷ ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ഷെൽവിൻ ജോണിന്റെ പരാതിയിൽ തന്നെയാണ് യുവതിയെ കാണാതായതിന് പൊലീസ് കേസെടുത്തിരുന്നത്. ഷെൽവിൻ പൊലീസ് കസ്റ്റഡിയിലാണ്. ഇവർ താമസിച്ചു വന്നിരുന്ന പന്നിപ്പാറയിലെ ക്വാർട്ടേഴ്സിന്റെ പരിസരത്തോ വിദ്യാനഗറിൽ എവിടെയെങ്കിലുമോ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടാവാം എന്ന നിഗമനത്തിൽ ആ ഭാഗങ്ങളിൽ സി.ഐ വി.വി. മനോജ്, എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.