കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം വീടൊരു സ്നേഹക്കൂട് തന്നെയായിരുന്നു. ടോം തോമസും ഭാര്യ അന്നമ്മ ടീച്ചറും മൂന്ന് മക്കളും ചേർന്ന കുടുംബം നാട്ടുകാർക്ക് മുന്നിൽ സംതൃപ്ത കുടുംബത്തിന്റെ മാതൃക തീർത്തു. ഇവരുടെ സ്നേഹപൂർണമായ പെരുമാറ്റമാണ് ഇന്ന് കൂടത്തായിക്കാർ ഓർത്തെടുക്കുകയും വേദനിക്കുകയും ചെയ്യുന്നത്. ആ സ്നേഹക്കൂട് തച്ചുടച്ച പൊന്നാമറ്റത്തെ മരുമകൾ ജോളിയെ അവർ ശാപവാക്കുകളാൽ മൂടുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ ജോളിയുടെ മൊഴിയായി അരുംകൊലയുടെ വിവരങ്ങൾ ഓരോന്നും പുറത്തുവരുമ്പോൾ അവർ ഞെട്ടുകയാണ്. ഇതായിരുന്നോ ചുണ്ടിൽ മന്ദഹാസം ഒളിപ്പിച്ചുവച്ച ജോളിയുടെ തനിനിറം. റോയിയുടെ കൈപിടിച്ച് പൊന്നാമറ്റത്തെ മൂത്ത മരുമകളായി എത്തിയ ജോളിക്ക് പണത്തോടുള്ള ആർത്തിയുണ്ടാകാൻ കാരണമെന്താണെന്ന് കൂടത്തായിക്കാർ പരസ്പരം ചോദിക്കുന്നു.
കട്ടപ്പന വാഴവരയിലെ ചോറ്റയിൽ വീട്ടിൽ ജനിച്ചുവളർന്ന ജോളി ചെറുപ്പം മുതൽ നല്ലചുറ്റുപാടിൽ തന്നെയാണ് വളർന്നുവന്നത്. പിതാവ് ജോസഫിന് കൃഷിയും രണ്ട് റേഷൻകടയുമെല്ലാമുണ്ടായിരുന്നു. ജോളി വന്നെത്തിയ പൊന്നാമറ്റമാകട്ടെ അക്കാലത്ത് കൂടത്തായിയിലെ ഏറ്റവും തലയെടുപ്പുള്ള വീടാണ്. ഇവിടെയും ജോളിക്ക് പണത്തിന് യാതൊരു കുറവും നേരിട്ടതായി നാട്ടുകാർക്കാർക്കറിയില്ല. ആദ്യകാലത്തൊക്കെ റോയിയും ജോളിയും വളരെ സ്നേഹത്തോടെ ജോളിയായി ജീവിക്കുന്നതാണ് കണ്ടിട്ടുള്ളത്. മാത്രമല്ല, കാറുമായി പലപ്പോഴും കറങ്ങിനടക്കുന്നതും കാണാം. എന്നാൽ, ഇതിനിടെ ജോളി പഠിക്കാനെന്ന് പറഞ്ഞുപോയത് മുതൽ തുടങ്ങുന്നു ദുരൂഹതകളുടെ ചുരുളുകൾ. ഇവർ ബി.എഡിന് പഠിക്കാനെന്ന് പറഞ്ഞാണ് ആദ്യം വീട്ടിൽ നിന്നിറങ്ങിത്തുടങ്ങിയത്. പിന്നീട് എൻ.ഐ.ടിയിൽ ജോലി കിട്ടിയതായി പ്രചരിപ്പിക്കുന്നു. എന്നാൽ, ഈ യാത്ര എവിടേക്കായിരുന്നുവെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇവരുടെ സാമ്പത്തിക ഇടപാടുകളുടെയും ക്രൂരതയുടെയും കഥകളാണ് പുറത്തുവന്നുകൊണ്ടേയിരിക്കുന്നത്. ഈ യാത്രകൾ ഓരോന്നും അരുംകൊലയുടെ ആസൂത്രണത്തിനായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ എല്ലാവരും പങ്കുവയ്ക്കുന്നത്. തന്റെ ആർഭാടമായ ജീവിതത്തെ കുറിച്ച് മാത്രമാണ് ജോളി ആലോചിച്ചിരുന്നത്. അതിന് തടസമായതെല്ലാം വെട്ടിനീക്കി, വേണ്ടതെല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഇവർ നടത്തിയ ഓരോ കൊലപാതകങ്ങളും പണത്തിനും തന്റെ ജീവിത സുഖത്തിനും വേണ്ടിയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴികളിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
കുടുംബനാഥയായ അന്നമ്മയെ ഇല്ലാതാക്കി വീടിന്റെ അധികാരം നേടിയെടുത്ത ശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനും കുടുംബനാഥനുമായ ടോം തോമസിനെ കൈയിലെടുക്കാൻ വലിയ സ്നേഹമുള്ള മരുമകളായി ജോളി അഭിനയിച്ചു. കുടുംബത്തിലെ രണ്ടേക്കർ സ്ഥലം വില്പന നടത്തിച്ച് പണം കൈക്കലാക്കി. ബാക്കിയുള്ള ഭൂമിയും വീടും കൈക്കലാക്കാനുള്ള നീക്കത്തിനിടെയാണ് ടോം തോമസിനെ കൊന്നത്. തുടർന്ന് റോയിയെയും കൊലപ്പെടുത്തി സ്വത്തുക്കൾ മുഴുവൻ സ്വന്തംപേരിലാക്കാനായിരുന്നു ജോളിയുടെ ശ്രമം.
സയനൈഡ് എത്തിച്ച് നല്കിയതായി പറയുന്ന മാത്യുവുമായി ചേർന്ന് പലിശയ്ക്ക് പണംകൊടുത്ത കഥയും ഇതിനിടെ ഉയർന്നുവന്നിട്ടുണ്ട്. ടോം തോമസിന്റെ സ്വത്ത് മുഴുവനായും വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുക്കാനുള്ള നീക്കമാണ് ഒടുവിൽ ഇവരെ കുടുക്കുന്നത്. ഇവരുടെ നീക്കങ്ങളിൽ റോയിയുടെ സഹോദരങ്ങൾക്ക് സംശയം തുടങ്ങുന്നത് ഇവിടെയാണ്.
ഇവിടെനിന്നും സ്വത്തൊന്നും നിങ്ങൾക്ക് കിട്ടാനില്ലെന്ന് റോയിയുടെ സഹോദരി റെഞ്ചിയോട് ജോളി നേരത്തെ പറഞ്ഞത് തന്നിൽ സംശയത്തിലാക്കിയെന്ന് റെഞ്ചി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത് സഹോദരൻ റോജോ പരാതി നല്കി റദ്ദാക്കി. റോയിയെ കൊലപ്പെടുത്തിയ ശേഷം പൊന്നാമറ്റത്തെ വീട്ടിൽ നിന്ന് ചില മരങ്ങൾ മുറിച്ചുവിറ്റതും സഹോദരങ്ങളുടെ എതിർപ്പിനിടയാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലായ്പ്പോഴും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമൊക്കെയായി കാറിൽ ചെത്തിനടന്ന ജോളി തനിക്ക് 55,000 രൂപ എൻ.ഐ.ടിയിലെ അദ്ധ്യാപികയെന്ന നിലയിൽ ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവർ ആഭരണങ്ങളോട് ഭ്രമംകാട്ടിയിരുന്നതായി നാട്ടുകാർക്കറിയില്ല. എന്നാൽ ഒരുങ്ങിയിറങ്ങാൻ ചെറിയ തുകയൊന്നും പോരല്ലോയെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, ഇടയ്ക്കിടെ യാത്ര നടത്താനും പണം വേണം. ഉന്നതരായവരുമായി സൗഹൃദമുണ്ടാക്കുകയായിരുന്നു ഇവർ. ജോളിയുടെ ജോലി നാട്യം മാത്രമാണെന്ന് മനസിലാക്കിയതോടെ ഇവരുടെ ആഡംബരം തന്നെയാണ് പണക്കൊതിക്കുള്ള കാരണമായി നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം വിവാഹത്തിലും കണ്ണ് പണത്തിനുമേൽ
സ്ഥിര വരുമാനമൊന്നുമില്ലാത്ത ഭർത്താവ് റോയിയെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കിയ ജോളി പിന്നെ ഷാജുവിനെ ലക്ഷ്യംവച്ചത് അദ്ദേഹത്തിന്റെ ജോലിയും പണവും ലക്ഷ്യം വച്ചാണെന്നാണ് നാട്ടുകാർ ഇപ്പോൾ സംശയിക്കുന്നത്. ഇവരുടെ ഈ സ്വഭാവത്തിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ മെച്ചപ്പെട്ട ജോലി ജോൺസണ് ഉണ്ടെന്ന് മനസിലാക്കിയ ജോളി ഷാജുവിനെയും കൊലപ്പെടുത്തി ജോൺസണെ വിവാഹം ചെയ്യാനാഗ്രഹിച്ചതായാണ് മൊഴിയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ ജോൺസണുമായി ഇവർക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നാണ് കോയമ്പത്തൂർ യാത്രാ വിവരങ്ങൾ ഉൾപ്പെടെ വ്യക്തമാക്കുന്നത്.
ഹൈസ്കൂൾ അദ്ധ്യാപകനാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു. റോയിയെ കൊലപ്പെടുത്തി പൊന്നാമറ്റം വീട് സ്വന്തം നിയന്ത്രണത്തിലാക്കിയ ജോളി ഇവിടെ അധികാരം ഉറപ്പിക്കാൻ വേണ്ടി കൂടിയാണ് ഷാജുവിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതെന്നാണ് സൂചനകൾ. അതിനുവേണ്ടിയാവാം പൊന്നാമറ്റത്തെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹത്തിന് ജോളിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. റോയിയുടെ കുടുംബത്തിൽ നിന്നുതന്നെയൊരാളെ വിവാഹം ചെയ്താൽ കൂടുതൽ ബന്ധുക്കളുടെ പിന്തുണ നേടിയെടുക്കാമെന്നത് ഒരു സൗകര്യമായും കരുതിയിട്ടുണ്ടാവാം.
ഇതിനുള്ള തടസം നീക്കാൻ ഷാജുവിന്റെ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തുകയായിരുന്നു. സിലിയെ കൊലപ്പെടുത്താൻ ഷാജുവിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് ജോളിയുടെ മൊഴിയായി പുറത്തുവരുന്നത്. (ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല). ഇങ്ങനെ ചെയ്യണമെങ്കിൽ ഷാജുവുമായി പ്രണയത്തിലായി എന്നുതന്നെ വേണം കരുതാൻ. അല്ലെങ്കിൽ ഭാര്യയുടെ മരണശേഷം ജോളിയുമായുള്ള വിവാഹം നേട്ടമായി ഷാജുവും കരുതിയിരിക്കാം. ഇവരുടെ എൻ.ഐ.ടി കള്ളക്കഥ അറിയാതെയാണെങ്കിൽ ഇവർ മികച്ച ജോലിയുള്ള ജോളിയെ കിട്ടുന്നത് നേട്ടമായി കരുതിയിട്ടുമുണ്ടാവാം എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ഷാജുവിന്റെ പിതാവ് സക്കറിയയ്ക്കും പുലിക്കയത്ത് കുറേ ഭൂമി സ്വന്തമായുണ്ടെന്നാണ് പറയുന്നത്. ഇനി ഇത് തട്ടിയെടുക്കാനും ജോളി ഉന്നമിട്ടോയെന്നും അറിയേണ്ടതുണ്ട്. ജോളി തങ്ങളേയും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് ഷാജുവിന്റെ അച്ഛൻ സക്കറിയ പറഞ്ഞിട്ടുണ്ട്. ഷാജുവിന്റെ മകന് കൊടുക്കാനെന്ന് പറഞ്ഞ് ഇടക്കിടയ്ക്ക് ജോളി ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരാറുണ്ടായിരുന്നുവെന്നും ഇത് തങ്ങളെ കൂടി ലക്ഷ്യമിട്ടായിരുന്നുവെന്നുമാണ് ആരോപണം. മൊഴിയെടുക്കുന്നതിനിടെയാണ് ജോളിയുടെ ഈ പദ്ധതിയെ പറ്റി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സക്കറിയ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക താത്പര്യങ്ങളാണ് താനുമായുള്ള വിവാഹത്തിന് പിന്നിൽ ഉണ്ടായിരുന്നതെന്നാണ് ഇപ്പോൾ സംശയിക്കുന്നതെന്ന് നേരത്തെ ഷാജുവും സൂചിപ്പിച്ചിട്ടുണ്ട്.
സിലി നാട്ടിലെ മിടുക്കിയായ പെൺകുട്ടി
കൂടത്തായിയിലെ കൊലയാളി ജോളി അവസാനമായി കൊലപ്പെടുത്തിയതായി പറയുന്ന ഇവരുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി കൂരാച്ചുണ്ട് കല്ലാനോടുകാർക്ക് മിടുക്കിയായ പെൺകുട്ടിയാണ്. കല്ലാനോടെ പ്രമുഖമായ എട്ടിയിൽ കുടുംബത്തിലാണ് സിലി ജനിച്ചത്. പിതാവ് ദേവസ്യയ്ക്ക് അത്യാവശ്യം കൃഷിഭൂമിയൊക്കെയുണ്ട്. ഇവർ സാമ്പത്തികമായി മോശമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ചെറുപ്പം മുതൽ സിലിയെ അറിയുന്നവർക്കെല്ലാം അറിയാം അവളൊരു പാവമായിരുന്നുവെന്ന്. സെന്റ് മേരീസ് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുറേ കൂട്ടുകാരുണ്ടായിരുന്നു. പഠനത്തിലും മിടുക്കിയായ സിലി പഠനത്തിന് ശേഷം ജോലിയും ചെയ്തിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് പൊന്നാമറ്റത്തെ സക്കറിയയുടെ മകൻ അദ്ധ്യാപകനായ ഷാജുവുമായുള്ള വിവാഹം. ഇത് കുടുംബത്തിന് ഏറെ സന്തോഷം നല്കി.
എന്നാൽ, വിവാഹശേഷം ഷാജുവിന്റെ വീട്ടിൽ സിലിക്ക് ദുരനുഭവങ്ങളുണ്ടായതായി ബന്ധുക്കൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിലിയുടെ മകൾ ആൽഫൈനെയും സിലിയെയും ജോളി കൊന്നതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിലിക്ക് നേരത്തെ യാതൊരു അസുഖവും ഇല്ലായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
അതേസമയം റോയിയുടെ മരണത്തിൽ സയനൈഡ് കണ്ടെത്തിയെങ്കിലും അക്കാര്യത്തിൽ അന്വേഷണം നടത്താത്ത അധികൃതർ സിലിയുടെയും മകളുടെയും മരണത്തിന് ഉത്തരവാദികളാണെന്ന് ബന്ധുക്കൾ പ്രതികരിക്കുന്നു. അന്ന് കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ പ്രതിയെ അന്നേ പിടികൂടുകയും ഇവരുടെ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നു.
(അവസാനിച്ചു)