visal

കണ്ണൂർ: പാഷൻ ഫ്രൂട്ട് പറിച്ചതിന് പതിനഞ്ചുകാരന് ക്രൂര പീഡനവും അപവാദ പ്രചാരണവും. കാസ‌ർകോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മാവിലൻ (ആദിവാസി)​ വിഭാഗത്തിൽപ്പെട്ട കുട്ടിയെ കസേരയിൽ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടിയിട്ട് ഭീകരമായി മർദ്ദിച്ചത്. സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് പ്രചാരണവും തുടങ്ങിയതോടെ അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് ഒരു കുടുംബം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്തളത്തെ മാധവന്റെയും സിന്ധുവിന്റെയും മകൻ പ്ലസ് വൺ വിദ്യാർത്ഥി വിശാലിനെ അയൽവാസിയായ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ഉമേശൻ ക്രൂരമായി ആക്രമിച്ചത്. ആദിവാസി സംരക്ഷണ വകുപ്പ് നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത ഉമേശൻ റിമാൻഡിലാണ്

രക്ഷിതാക്കൾ

പറയുന്നത്:

വൈകിട്ട് അഞ്ചരയോടെ പാഷൻ ഫ്രൂട്ട് പറിക്കാനെന്ന് പറഞ്ഞ് കുട്ടി അയൽവാസി ഉമേശന്റെ പറമ്പിലേക്ക് പോയി. അല്പസമയത്തിനകം തിരിച്ചെത്തിയതോടെ പിന്നാലെ ഉമേശൻ കുട്ടിയെ വിളിക്കാനെത്തി. അമ്മ തിരക്കി പോയപ്പോഴാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്ത് മുളക് പൊടി വിതറിയ നിലയിൽ മകനെയും തടിച്ച് കൂടിയ അയൽവാസികളെയും കണ്ടത്. ഭീകരമായി മർദ്ദിച്ച ശേഷം സ്ത്രീകളുടെ വസ്ത്രം എടുത്തെന്ന് കുട്ടിയെക്കൊണ്ട് പറയിച്ചതായും അച്ഛൻ മാധവൻ പറഞ്ഞു. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്. കേസിൽ നിന്ന് പിൻമാറാൻ തയാറാകാതിരുന്നതോടെയാണ് അപവാദ പ്രചാരണം.

കൂലിപ്പണിക്കാരനായ മാധവന്റെ നാല് മക്കളിൽ ഇളയവനാണ് വിശാൽ. മർദ്ദനത്തെ തുടർന്ന് ഒരാഴ്ചയായി പഠനവും മുടങ്ങി. കഴുത്ത് ലുങ്കി ഉപയോഗിച്ച് മുറുക്കിയതിനാൽ ഉമിനീരിറക്കാൻ പറ്റുന്നില്ലെന്ന് കുട്ടി പറയുന്നു. തെറ്റ് പറ്റിയെന്നും കേസ് പിൻവലിക്കണമെന്നും പ്രാദേശിക സി.പി.എം പ്രവർത്തകരായ അജയനും രവിയും പ്രതിയോടൊപ്പം നേരത്തെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നുവെന്നും, കുട്ടി ഛർദ്ദിച്ചതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും മാധവൻ പറഞ്ഞു.

രണ്ടാഴ്ചയിലേറെ പ്രതി റിമാൻഡിലായാൽ ജോലിയെ ബാധിക്കുമെന്നും അതിനാലാണ് പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടന്നതെന്നും ദളിത് ആക്ടിവിസ്റ്റ് ധന്യ രാമൻ പറഞ്ഞു. അതിന് തയ്യാറാകാത്തതാണ് കുപ്രചാരണത്തിന് കാരണം.