കാസർകോട്: ഭാര്യയെ കൊന്ന് പുഴയിൽ കെട്ടി താഴ്ത്തിയതോടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ സാലി - ജ്യോതി ദമ്പതികൾ. അമ്മയെ നഷ്ടപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതോടെ തീർത്തും അനാഥരായ ഇവരുടെ രണ്ട് മക്കളെ സാലിയും ജ്യോതിയും സംരക്ഷിക്കുകയായിരുന്നു. ഇതിനായി വിദ്യാനഗർ സി.ഐ മനോജ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ പൂർണ മനസോടെയാണ് ഇവർ സമ്മതിച്ചത്.
കാസർകോട്ടെത്തിയ വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ കുട്ടികളെ സന്ദർശിച്ചു. ഷാഹിദാ കമാലിന്റെ നാടായ കൊല്ലം സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. സ്വാർത്ഥ താത്പര്യങ്ങൾക്കും വ്യക്തിപരമായ സന്തോഷത്തിനും സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചുവരുന്ന കാലത്ത് ഒരു രക്തബന്ധവുമില്ലാത്ത രണ്ടു കുട്ടികളുടെ സംരക്ഷണം സ്വമേധയാ ഈ ദമ്പതികൾ ഏറ്റെടുത്തത് മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു.
കുട്ടികളുടെ മനസിൽ അമ്മയെപ്പറ്റി മോശം ചിത്രമാണ് പിതാവ് നൽകിയിരിക്കുന്നതെന്നും അത് മാറ്റിയെടുക്കുന്നതിന് കുട്ടികൾക്ക് കൗൺസലിംഗ് നൽകേണ്ടതുണ്ടെന്നും സാലി, ജ്യോതി ദമ്പതികൾ കമ്മിഷനോട് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ ഉറപ്പുനൽകി.
കുട്ടികളുടെ പഠനം തുടരുന്നതടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും വനിതാകമ്മിഷൻ ഇടപെട്ട് നൽകും. എത്രയും പെട്ടെന്ന് മൃതദേഹം കണ്ടെത്തി തുടർ നടപടികൾ പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ വാസുദേവനും കൂടെ ഉണ്ടായിരുന്നു.