കാസർകോട്: രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ജനവിരുദ്ധ നയങ്ങൾ തിരുത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പാഠം പഠിപ്പിക്കുന്നതായി മാറും. വോട്ടർമാരുടെ മനസിൽ കുറെ നാളുക കായി കരുതി വച്ചിരുന്ന ശക്തമായ അമർഷവും വേദനയും പ്രകടമാക്കാനുള്ള സുവർണാവസരമാണ് വന്നു ചേർന്നത്.
ദേശീയ തലത്തിൽ ബി.ജെ.പിക്ക് കോൺഗ്രസിനെ മാത്രമാണ് ഭയം. അതു കൊണ്ടാണ് കോൺഗ്രസിനെയും നേതാക്കളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഫിനിക്സ് പക്ഷിയെ പോലെ കോൺഗ്രസ് തിരിച്ചു വരും.
ജനദ്രോഹ ഭരണം നടത്തി രാജ്യത്തെ തകർക്കുകയും കേരളത്തെ നശിപ്പിക്കുകയും ചെയ്യുന്ന ചക്കിക്കൊത്ത ചങ്കരന്മാർ ആണ് നരേന്ദ്ര മോദിയും പിണറായി വിജയനും എന്നും ഇരുവർക്കും വോട്ടർമാർ കനത്ത താക്കീത് നൽകുമെന്നും ആന്റണി പറഞ്ഞു.
സാമ്പത്തിക നയത്തിന്റെ പാപ്പരത്തം കാരണം രാജ്യം നശിക്കുകയാണ്.