കാസർകോട്: വ്യാജ എ.ടി.എം കാർഡുകളുപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കാസർകോട് സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായി. മീപ്പുഗിരി ആർ.ഡി നഗറിലെ മുഹമ്മദ് ബിലാൽ, കൂഡ്‌ലുവിലെ മുഹമ്മദ് സുഹൈൽ, കളനാട് സ്വദേശികളായ അബ്ദുൽറഹ്മാൻ, ജംഷീദ്, അബ്ദുൽറഫാദ്, യാസിൻ എന്നിവരെയാണ് ഉത്തർപ്രദേശ് ഉന്നാവോ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച ആൾട്ടോ കാറും പൊലീസ് പിടികൂടി.
എ.ടി.എം കൗണ്ടറുകളിൽ കാമറ സ്ഥാപിച്ച് പാസ്‌വേഡ് ചോർത്തിയ ശേഷം വ്യാജ എ.ടി.എം കാർഡുകളുപയോഗിച്ച് പണം കൈക്കലാക്കുന്നതാണ് സംഘത്തിന്റെ രീതി. യു.പിയിൽ പലരുടെയും അക്കൗണ്ടിൽ നിന്ന് എ.ടി.എം വഴി പണം കവരുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. രണ്ട് ലാപ്‌ടോപ്പുകൾ, രണ്ട് ഒളികാമറകൾ, 12 എ.ടി.എം കാർഡുകൾ, സ്വൈപിംഗ് മെഷീൻ, ഒരു കാർഡ് റീഡർ, ഒരു മെമ്മറി കാർഡ്, നാല് മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.