കണ്ണൂർ: മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന് കണ്ണൂർ സംഗീതസഭയുടെ സംഗീതരത്‌നംപുരസ്‌കാരം. 51,000 രൂപയും പ്രശ്‌സതി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കണ്ണൂർ സംഗീതസഭാ പ്രസിഡന്റ് കെ പ്രമോദ്, ചെയർമാൻ കെ.പി ജയപാലൻ , സെക്രട്ടറി ഒ .എൻ. രമേശൻ എന്നിവർ അറിയിച്ചു. ത്യാഗരാജ സംഗീതോൽസവത്തിന്റെ സമാപന ദിവസമായ ഡിസംബർ 29 ന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
ഹിന്ദുസ്ഥാനി സംഗീതം, ഗസൽ ഉൾപ്പെടെ സംഗീതത്തിന്റെ വ്യത്യസ്തമേഖലകളിലെ മികവു കണക്കിലെടുത്താണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. കലാമണ്ഡലം ബിനോജ്, കലാമണ്ഡലം ജ്യോതി മനോജ്, സന്തോഷ് കുമാർ ചേർത്തല എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വർഷത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രിയശിഷ്യനായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ രമേശ് നാരായൺ ഗർഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി, പരദേശി, രാത്രിമഴ, ഇടവപ്പാതിയിൽ, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നു. കോളാമ്പിയാണ് പുതിയ ചിത്രം.
കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം, 2014ലും 2015ലും മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയ രമേശ് നാരായൺ 2017ൽ ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു. ആകാശവാണിയിൽ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയിലെ ലളിതസംഗീതപാഠം ഏറെക്കാലം കൈകാര്യം ചെയ്തിരുന്നതും രമേശ് നാരായൺ ആണ്. ഡോ ഹേമാനാരായൺ ആണ് ഭാര്യ. മക്കളായ മധുവന്തിയും മധുശ്രീയും അറിയപ്പെടുന്ന ഗായകരാണ്.