കാസർകോട്: ബി.ജെ.പിയെ പ്രതിരോധിക്കാൻ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉപ്പളയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. എൽ.ഡി.എഫ് ചിത്രത്തിൽ പോലുമില്ല. എന്നാൽ അവരുടെ പ്രചാരണം ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. കേരളത്തിലേക്ക് ബി.ജെ.പി കടക്കാതിരിക്കാൻ കോൺഗ്രസ് മുന്നണിയെയാണ് ശക്തിപ്പെടുത്തേണ്ടത്. ബി.ജെ.പിക്ക് ഗുണം കിട്ടിയാലും യു.ഡി.എഫിന് ലഭിക്കരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇത് വേട്ടുപാഴാവാൻ മാത്രമേ ഉപകരിക്കുകയുള്ളു.
നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം ബി.ജെ.പിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെ തീവ്രവാദികളായി മുദ്രകുത്തുകയാണവർ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യവും നാനാത്വത്തിൽ ഏകത്വവുമാണ് ഈ നാട്ടിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.