തെരുവു വിളക്ക് സ്ഥാപിക്കേണ്ടത് ചാളക്കടവ്, മേക്കാട്ട്, എരിക്കുളം, മൂന്ന് റോഡ്, കൂലോം റോഡ്, ബങ്കളം എന്നീ പ്രദേശങ്ങളിൽ
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവു വിളക്ക് കത്തിക്കാൻ വൈദ്യുതി വകുപ്പിൽ 36 ലക്ഷം രൂപ കെട്ടിവെച്ചിട്ട് രണ്ടു വർഷമായിട്ടും രാത്രിയായാൽ പഞ്ചായത്തിലെ തെരുവുകൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. 2017 ലാണ് നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫീസിൽ മടിക്കൈ പഞ്ചായത്ത് 36 ലക്ഷം കെട്ടിവെച്ചത്.
പഞ്ചായത്തിലെ ചാളക്കടവ്, മേക്കാട്ട്, എരിക്കുളം, മൂന്ന് റോഡ്, കൂലോം റോഡ്, ബങ്കളം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ നിരന്തരമായ മുറവിളിക്കു ശേഷമാണ് പഞ്ചായത്ത് അധികൃതർ തെരുവു വിളക്ക് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പ് കനിയാത്തതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ഉന്നയിക്കുകയുണ്ടായി. മന്ത്രി അപ്പോൾ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോട് 2018 ഡിസംബറിനകം തെരുവു വിളക്ക് സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും വൈദ്യുതി വകുപ്പ് അധികൃതർ മന്ത്രിക്ക് ഉറപ്പു നൽകുകയുമുണ്ടായി. എന്നിട്ടും തെരുവുവിളക്കു കത്തിയില്ല. പുതിയ വൈദ്യുതി മന്ത്രി എം.എം. മണിയെ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുകയും, മന്ത്രി അപ്പോൾ തന്നെ വൈദ്യുതി വകുപ്പ് അധികൃതരോട് തെരുവുവിളക്ക് കത്തിക്കാൻ നിർദ്ദേശിക്കുകയുണ്ടായി. അതും വൈദ്യുതി വകുപ്പ് അധികൃതർ ചെവിക്കൊണ്ടില്ല.
അതേസമയം മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വൈദ്യുതി സെക്ഷന്റെ പരിധിയിൽ തെരുവുവിളക്ക് കത്തിക്കാൻ പണം കെട്ടിവെച്ച് കാലാവധിക്കുള്ളിൽ തന്നെ വൈദ്യുതി സെക്ഷൻ അധികൃതർ പണി പൂർത്തീകരിച്ചിരുന്നു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് പ്രകിയ അവസാനിച്ചാൽ നീലേശ്വരം വൈദ്യുതി സെക്ഷൻ അധികൃതർ തെരുവുവിളക്ക് കത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും വൈദ്യുതി സെക്ഷൻ ഓഫീസിൽ സത്യാഗ്രഹമുൾപ്പെടെയുള്ള സമരമുറകൾ ആരംഭിക്കും
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ
മടിക്കൈ പഞ്ചായത്തിലെ മേല്പറഞ്ഞ പ്രദേശങ്ങളിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ കരാറേറ്റെടുത്തയാൾ പാതിവഴിയിൽ നിർത്തുകയായിരുന്നു. പിന്നീട് പല പ്രാവശ്യം പണി പൂർത്തികരിക്കാൻ പറഞ്ഞെങ്കിലും കരാറുകാരൻ മുന്നോട്ട് വന്നില്ല, ഏറ്റെടുത്ത പണി തീർക്കുന്നില്ലെങ്കിൽ അവരുടെ പേരിൽ നടപടി സ്വീകരിച്ച് പണി മറ്റൊരു കരാറുകാരനെ ഏല്പിക്കും
നീലേശ്വരം വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ