കാഞ്ഞങ്ങാട്: അമിതവേഗം കാരണം കാഞ്ഞങ്ങാട് - കാസർകോട് കെ.എസ്.ടി.പി റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അരഡസനോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഭാഗ്യം കൊണ്ടാണ് പല അപകടങ്ങളും ദുരന്തമായി മാറാതിരുന്നത്.
ചൊവ്വാഴ്ച്ച രാവിലെ ചേറ്റുകുണ്ട് വളവിൽ കാറും കെ.എസ്.ആർ.ടി.സി ബസുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ടുവന്ന കാർ ബസിലിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസും നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹൊസ്ദുർഗിൽ എൽ.ഐ.സി ഓഫീസിനിടുത്ത് കാറും ഓട്ടോയും അപകടത്തിൽപെട്ടു.
തിങ്കളാഴ്ച്ച ചിത്താരിയിൽ ഇടവഴിയിൽ നിന്നും അമിതവേഗത്തിൽ കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലേക്ക് കയറിയ ഗ്യാസ് സിലണ്ടർ വിതരണ ലോറിയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന കുഞ്ഞിന് പരിക്കേറ്റു. ഗ്യാസ് സിലിണ്ടറുകൾക്ക് ആഘാതമുണ്ടാകാത്തതിനാലാണ് ദുരന്തം വഴിമാറിയത്.
വാഹനങ്ങളുടെ അമിതവേഗതയും മദ്യപിച്ചു വാഹനമോടിക്കുന്നതുമാണ് അപകടങ്ങൾ ഏറെ ഉണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേഗത നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നുമില്ല. ഓട്ടോകളിലും മറ്റു ചെറുവാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നതിനെ പറ്റി പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാരും പറയുന്നു.
പൊതുനിരത്തുകളിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും അവയെല്ലാം കാറ്റിൽ പറത്തിയാണ് ടിപ്പറുകൾ ഇതുവഴി ഓടുന്നത്. വേഗ നിയന്ത്രണ സംവിധാനങ്ങളെല്ലാം ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.