കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം എന്താണെന്ന് അറിയാൻ കേരള അതിർത്തി കടന്ന് മംഗളുരുവിലെ നാലുവരി പാത കണ്ടാൽ മതിയെന്ന് ബി. ഡി. ജെ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. മംഗളുരു-കാസർകോട് റൂട്ടിൽ സാധാരണക്കാരൻ സഞ്ചരിക്കുന്ന ദേശീയപാതയുടെ അവസ്ഥ കണ്ടാൽ മഞ്ചേശ്വരത്തെ വികസിപ്പിച്ചു എന്നു പറയുന്നവരുടെ പൊള്ളത്തരം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് ഒരു വോട്ട് എന്ന ആശയവുമായി എൻ. ഡി. എ .സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബി. ഡി. ജെ എസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ഹൊസങ്കടിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും യാതൊരു വികസന പദ്ധതികളും നടപ്പിലാക്കാത്ത മുന്നണികളോട് കണക്ക് ചോദിക്കാൻ മഞ്ചേശ്വരത്ത് നിന്ന് ഒരു എൻ. ഡി. എ ജനപ്രതിനിധി നിയമസഭയിലെത്തണം. ജനങ്ങളുടെ പ്രയാസം മനസിലാക്കാത്ത, ജനഹിതം മാനിക്കാത്ത സർക്കാരുകളാണ് കേരളം മാറിമാറി ഭരിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാതെ, പ്രളയത്തിന് സെസ് പിരിച്ച് ജനങ്ങളുടെ സമ്പത്ത് ഊറ്റിയെടുത്ത് പണം വകമാറ്റി ദുർവിനിയോഗം ചെയ്യുകയാണ് സർക്കാർ. രവീശ തന്ത്രിക്ക് വോട്ട് ചെയ്തു മാറ്റത്തിൽ എല്ലാവരും പങ്കാളിയാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.മനീഷ്, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ തളിപ്പറമ്പ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഗണേശൻ പാണത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണൻ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ജോഷി കൊടക്കാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ നാരായണൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എ. .ടി വിജയൻ നന്ദിയും പറഞ്ഞു. പൈവളികെ, ജോദ്‌ക്കൽ, കുബന്നൂർ, സോന്കാൽ, ബന്തിയോട്, ഉപ്പള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കുമ്പളയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എ.ടി വിജയൻ ഉദ്‌ഘാടനം ചെയ്തു. ജാഥയ്‌ക്ക് മണ്ഡലം ഭാരവാഹികളായ രവീന്ദ്രൻ, ജയന്തൻ, കൃഷ്ണൻ മച്ചാത്തി തുടങ്ങിയവർ നേതൃത്വം നൽകി.