daily
ഭക്ഷ്യമേള

കണ്ണാടിപ്പറമ്പ്: ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ്.എൽ. പി. സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഷവർമ്മയുടെ ബർഗറിന്റെയും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെയും പിന്നാലെ പോകുന്ന ആധുനിക തലമുറയ്‌ക്ക് ഒരു പാഠമായിരുന്നു ഇത്. കപ്പ , ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, ചേന,ചേമ്പ് ,കൂവ എന്നിവയും ഇലക്കറികളായ മുരിങ്ങയില, പയറില, കുമ്പളയില, തവരയില, മത്തനില, ചേനയില തുടങ്ങി കൂമ്പ് ,കാമ്പ്, താളും മേശയിൽ നിറഞ്ഞപ്പോൾ കുട്ടികൾക്ക് ആശ്ചര്യം. 'വിശപ്പ് രഹിതമായ ലോകം സാധ്യമാണ് ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തര ത്തിലുള്ള പഠന പ്രവർത്തനം സ്കൂളിൽ സംഘടിപ്പിച്ചത്.

പുതു തലമുറയ്ക്ക് പരിചയമില്ലാത്ത നിരവധി കിഴങ്ങു വർഗങ്ങളും ഇലക്കറികളും കൊണ്ട് മേള ശ്രദ്ധേയമായി .ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള ബോധവത്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം.കുട്ടികളുടെ വീട്ടിൽ നിന്ന് നിർമ്മിച്ചു കൊണ്ടു വന്ന ഭക്ഷ്യ വസ്തുക്കളിൽ കുട്ടികൾക്കറിയാത്ത നിരവധി ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നു. കുട്ടികൾ എല്ലാം രുചിച്ചും മണത്തും നാട്ടിൻ പുറത്തെ വിഷരഹിത ഭക്ഷ്യവസ്തുക്കളെ മനസ്സിലാക്കി. പ്രധാനാദ്ധ്യാപിക പി .ശോഭ, രമ്യാ രാജൻ, ആതിര,ജംഷീർ ,ബീന ,ഹസീന, ഡി.എഡ്.പരീശിലന വിദ്യാർത്ഥികളായ സ്നേഹ, ഷാനിബ എന്നിവർ നേതൃത്വം നൽകി.