തളിപ്പറമ്പ് : ദേശീയ പാതയിൽ ബസ് സ്റ്രാൻഡിന് മുൻവശത്തുള്ള ബദരിയ ഹോട്ടലിന് സമീപം റോഡിൽ പൊടുന്നനെ ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തി പരത്തി. ഒരു ഓട്ടോറിക്ഷ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് റോഡിന്റെ നടുവിൽ കുഴി രൂപപ്പെട്ടത്.

ഇതിന് സമീപത്തുണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ട് കുഴിക്ക് ചുറ്റും നിന്ന് വാഹനങ്ങളെ തടഞ്ഞാണ് അപകടം ഒഴിവാക്കിയത്. പിന്നീട് റോഡരികിൽ ഉണ്ടായിരുന്ന ടയർ കുഴിയ്ക്ക് മുകളിൽ വച്ച് ട്രാഫിക് കോൺ സ്ഥാപിച്ചതോടെ പിന്നാലെ വന്ന വാഹനങ്ങൾക്ക് കുഴിയെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ദേശിയപാത യ്ക്ക് കുറുകെ പോകുന്ന ഓവുചാലിന്റെ സ്ലാവ് തകർന്നതാണ് കുഴി രൂപപ്പെട്ടതിന് പിന്നിലെന്ന് വ്യക്തമായി. ഭാരമേറിയ വാഹനം കയറിയാൽ സ്ലാവ് തകർന്നുണ്ടാകുമായിരുന്ന അപകടമാണ് നഗരത്തിലെ ഫോട്ടോഗ്രാഫർമാർ അടക്കമുള്ളവരുടെ ഇടപെടലിൽ ഒഴിവായത്. വിവരമറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസ് ഇവിടെ ട്രാഫിക് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്.