തലശ്ശേരി: നൂറ്റാണ്ട് പിന്നിട്ട നിരവധി കെട്ടിടങ്ങൾ.കടൽ അടുത്തതിനാൽ ശക്തമായ കാറ്റ് .ഏതുസമയത്തും ഒരു ദുരന്തം പ്രതീക്ഷിച്ചാണ് തലശ്ശേരിയെന്ന പൈതൃകനഗരത്തിന്റെ ഇപ്പോഴത്തെ നിൽപ്.
എം.ജി.റോഡിലെ പഴയ ടി.ബി.ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ പിൻഭാഗത്ത് മുഴുവൻ ആൽമരമടക്കം വേരുകളുറപ്പിച്ച് വിള്ളലുകളാണ്. കെട്ടിടത്തിൽ നിന്ന് കല്ലുകളും കോൺക്രീറ്റ് ചീളുകളും അടർന്ന് വീണ് ഇതിനകം പലർക്കും പരിക്കേറ്റു. മഴ പെയ്താൽ കെട്ടിടത്തിനകത്ത് വെള്ളം കയറും. നഗരസഭാ കാര്യാലയത്തോട് തൊട്ടടുത്ത് കിടക്കുന്ന നഗരസഭയുടെ ഈ നാലുനില കെട്ടിടത്തിലാണ് പബ്ലിക് സർവ്വന്റ്‌സ് ബാങ്ക്, കുടുംബശ്രീ സ്ഥാപനങ്ങൾ,ബുക്ക്സ്റ്റാൾ, റസ്റ്റോറന്റ്, ലോട്ടറി സ്റ്റാൾ ഖാദി വിൽപ്പന കേന്ദ്രം, ട്രാവൽ ഏജൻസി തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിന് തൊട്ടു മുന്നിലാണ് നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പും വിവിധ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ കടന്നു പോകുന്ന വഴിയും.

ഈ കെട്ടിടത്തിന്റെ തൊട്ടുപിറകിൽ കറന്റ് ബുക്‌സിന് മുന്നിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിരവധി വാഹനങ്ങൾ പാർക്കിംഗുമുണ്ട്.കടയുടമകളിൽ നിന്ന് വൻതുക വാടകയായി വാങ്ങുന്നുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ചുമരിനെ പിളർത്തി മരങ്ങളടക്കം വളർന്നതിന് പിന്നിൽ.
പനങ്കാവ് ഡയറി മുതൽ എൽ.എ.റാവുവിന്റെ പലചരക്ക് കടവരെയുള്ള കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭ ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ടായി .വിണ്ടുകീറിയ ചുമരുകളും തകർന്ന മേൽക്കൂരകളുമായി മഴക്കാലത്ത് കുതിർന്നുനിൽക്കുന്ന ഈ കെട്ടിടങ്ങളിലെല്ലാം നിരവധി പേർ ജോലി ചെയ്യുന്നുണ്ട്.
മെയിൻ റോഡിൽ മട്ടാമ്പ്രം ,പിലാക്കൂൽ ഭാഗങ്ങളിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒട്ടേറെ കടകൾ ഇതിനകം നിലം പൊത്തിക്കഴിഞ്ഞിട്ടുണ്ട്. മറ്റ് ചില കെട്ടിടങ്ങൾ അകത്തു നിന്നും ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് ഒരുവിധം സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ്.
ഒ.വി.റോഡിലെ സദാനന്ദപൈ വളവിൽ അഞ്ചോളം കടകൾ നാളുകളെണ്ണിക്കഴിയുകയാണ്. നൂറ് വർഷത്തിലേറെ പഴക്കമുള്ള പഴയ രാജൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്ന എം.ജി.റോഡിലെ ജീർണ്ണിച്ച കെട്ടിടങ്ങളും ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ നിലംപൊത്താതത്.
കടലോരത്ത് കടൽപ്പാലത്തിന് ഇരു വശങ്ങളിലുമുള്ള പഴയ ബ്രിട്ടീഷ് ഭരണകാലത്തുള്ള പാണ്ടികശാലാ കെട്ടിടങ്ങളത്രയും അപകടാവസ്ഥയിലാണ്. നഗരത്തിലെ അപകടം മണക്കുന്ന ജീർണ്ണിച്ച കെട്ടിടങ്ങളിലെല്ലാം നിരവധി പേർ ജോലി ചെയ്യുന്നുമുണ്ട്.ഒരു വൻ ദുരന്തമുണ്ടാകും മുമ്പ് ഇത്തരം കെട്ടിടങ്ങളെ പൊളിച്ചുമാറ്റാൻ തയ്യാറാകുന്നില്ലെങ്കിൽ ഉത്തരവാദി നഗരസഭ തന്നെയായിരിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.