കാസർകോട്: കേരളവും കർണാടകവും അതിരിടുന്ന മലമടക്കിൽ ദുർഘടമായ കാനന പാതയിലൂടെ ബൈക്കിലേറിയ യുവമോർച്ചക്കാരുടെ അകമ്പടിയിൽ മിന്നൽ വേഗത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ എൻ. ഡി. എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ. വീട്ടിൽ നിന്ന് ഇറങ്ങി ക്ഷേത്രത്തിൽ പോയി പൂജിച്ച ശേഷം ആചാര്യ പരിവേഷത്തോടെ തന്നെയാണ് വോട്ട് തേടിയുള്ള തന്ത്രിയുടെ വരവ്.
സ്വീകരണ കേന്ദ്രങ്ങളിൽ കന്നഡയിലും തുളുവിലും ബി ജെ പി നേതാക്കൾ മൈക്കിലൂടെ തകർക്കുകയാണ്. പിന്നാലെ വാഹനത്തിൽ നിന്ന് ഇറങ്ങി ഷാളുകൾ കഴുത്തിലേറ്റ് സ്വതസിദ്ധമായ പുഞ്ചിരി തൂകി കൈകൾ കൂപ്പിയാണ് പരിചയം പുതുക്കുന്നത്. നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യൻ വന്നെത്തുമ്പോൾ എല്ലാവരും എഴുന്നേൽക്കുകയാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങിയതോടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള യാത്രയിലാണ് സ്ഥാനാർത്ഥി.
ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളാണെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ വോട്ടർമാരെയും നേരിൽ കാണാനുള്ള ശ്രമകരമായ യാത്രയാണ്. എൻഡോസൾഫാൻ കെടുതികൾ കാരണം ദുരിതം അനുഭവിക്കുന്ന പാവങ്ങൾ ഏറെയുള്ള എൻമകജെയിലെ വാണിനഗറിലായിരുന്നു ആദ്യസ്വീകരണം. രാവിലെ കുറെ പേരെ നേരിൽ കാണേണ്ടിയിരുന്നതിനാൽ ഒന്നര മണിക്കൂർ വൈകിയാണ് സ്ഥാനാർത്ഥി എത്തിയത്.എന്നിട്ടും സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു. മലയാളി വോട്ടർമാർ കുറവ്, കന്നഡയും തുളുവും സംസാരിക്കുന്നവർ തന്നെയാണ് ഏറെയും. ഭാഷ ന്യൂനപക്ഷ വിഭാഗത്തിന് ഗണ്യമായ സ്വാധീനമുള്ള സ്ഥലത്ത് വികസനവും അവഗണനയും രാഷ്ട്രീയവും തന്നെയാണ് സ്ഥാനാർത്ഥിയുടെ വിഷയം. വാണിനഗറിൽ നിന്നും വോട്ടഭ്യർഥിച്ച ശേഷം രവീശ തന്ത്രി കുണ്ടാർ നേരെ ചെന്നത് രണ്ടുവയസുകാരൻ ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് മരിച്ച കജംപാടി കോളനിയിലെ സ്വീകരണ സ്ഥലത്തേക്കാണ്. തന്ത്രി എത്തുമ്പോഴേക്കും എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡൻറും സ്ഥലത്തെ വാർഡ്മെമ്പറും മഹിളാമോർച്ച നേതാവുമായ രൂപവാണി ആർ ഭട്ട് പ്രസംഗിക്കുകയായിരുന്നു. കോളനിയുടെ വികസനത്തിൽ കാണിക്കുന്ന അലംഭാവം, എൻഡോസൾഫാൻ ആശുപത്രി തുറന്നുകൊടുക്കാത്ത വിഷയം ,റോഡ് നിർമ്മാണത്തിലെ അഴിമതി തുടങ്ങി ജനങ്ങളിൽ പെട്ടെന്ന് കയറുന്ന പ്രാദേശിക വിഷയം തന്നെയാണ് രൂപവാണിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. മണ്ഡലത്തിൽ മാറ്റം വേണം, അതിന് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വികസനനയം തന്നെ ഇവിടെയും കൊണ്ടുവരണം അതിന് നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം..ചുരുക്കം വാക്കുകളിൽ ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിയ രവീശ തന്ത്രി ഓരോ വോട്ടർമാരെയും കണ്ടതിന് ശേഷമാണ് അടുത്ത കേന്ദ്രത്തിലേക്ക് യാത്ര തുടർന്നത്.
ബി ജെ പി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി ഒപ്പം തന്നെയുണ്ട്. രൂപവാണി ഭട്ടിന്റെ നേതൃത്വത്തിൽ വനിതാ നേതാക്കളും ആർ. എസ് .എസ് നേതാക്കളും തന്ത്രിയുടെ സ്വീകരണം പൊലിപ്പിക്കാൻ കൂടെത്തന്നെയുണ്ട്. പെർളയിൽ നിന്നും കിലോമീറ്ററുകൾ യാത്ര ചെയ്തു നെൽകയിൽ എത്തിയപ്പോൾ പഞ്ചായത്ത് അംഗം മമത റൈയുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ ആരതി ഉഴിഞ്ഞാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. അരുൺകുമാർ പുത്തില രാജാവിന്റെ കിരീടവും അദ്ദേഹത്തെ അണിയിച്ചു. ബേങ്ങപദവ്, ബജ കുഡ്‌ലു , ധർമ്മത്തടുക്ക, പെർമുദെ, കുടൽ, ചേവാർ, മണ്ടേകപ്പു, ബായിക്കട്ടെ, സജങ്കില തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടതിന് ശേഷം സമാപന സ്ഥലമായ മുളിഗദ്ദെയിൽ സ്ഥാനാർത്ഥി എത്തുമ്പോൾ രാത്രി ഏറെ നേരം വൈകിയിരുന്നു.
പടം ....എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ എന്മകജെയിലെ കജംപാടിയിൽ എത്തിയപ്പോൾ