കാസർകോട്: തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാഷ്ട്രീയക്കാർ അവസാന ലാപ്പിലേക്ക് കുതിക്കുമ്പോൾ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന നൂറു കണക്കിന് കുടുംബങ്ങൾ കോയിപ്പാടി കടപ്പുറത്തുള്ളത് ആരും കാണുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കുടിവെള്ളം വരുന്ന പൈപ്പിന് മുമ്പിൽ ബക്കറ്റും പാത്രവും വെച്ച് കാത്തിരിക്കേണ്ടുന്ന ഗതികേടിലാണ് കോയിപ്പാടി കടപ്പുറത്തെ സ്ത്രീകൾ അടക്കമുള്ള തീരദേശ വാസികൾ.

മഞ്ചേശ്വരം മണ്ഡലത്തിൽ ഉൾപ്പെടുന്ന കുമ്പള ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡാണ് കോയിപ്പാടി കടപ്പുറം. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇപ്പോൾ കുടിവെള്ള പൈപ്പിൽ ദിവസവും കൂടുതൽ മണിക്കൂർ വെള്ളം കിട്ടുന്നുണ്ട്. " അത് ഇലക്ഷൻ വെള്ളമാണ് സാർ, വോട്ടിട്ട് കഴിഞ്ഞാൽ ആ വെള്ളവും നിൽക്കും' കുടിവെള്ളം കിട്ടാക്കനിയായതിനാൽ ദുരിതം പേറുന്ന കടപ്പുറത്തുകാരുടെ വാക്കുകളാണിത്. ആഴ്ചചയിൽ ഒരുദിവസവും രണ്ടു ദിവസവും ഒക്കെയാണ്. കടപ്പുറത്ത് വെള്ളം കിട്ടുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ദിവസവും ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ വെള്ളം ലഭിക്കുന്നുണ്ട്. കിണറുകളിൽ കലങ്ങിയതും ഉപ്പു കലർന്നതുമായ വെള്ളമാണ് തീരദേശത്തുകാർക്ക് കിട്ടുന്നത്. കുടിക്കാനോ കുളിക്കാനോ അലക്കാനോ പറ്റില്ല. അലക്കിയാൽ വസ്ത്രത്തിന്റെ കളർ മാറും. ഇതിനിടയിൽ പഞ്ചായത്ത് വെള്ളം വിതരണം ചെയ്തത് വലിയ ആശ്വാസമായിരുന്നു. അതും നേരെ കിട്ടാതായി. കനത്ത മഴയിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയായിരുന്നു. വൈകുന്നേരം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ വീട്ടിൽ നിന്നും ക്യൂ നിന്നാണ് പലരും വെള്ളം ശേഖരിക്കുന്നത്. കുറെ ദൂരം നടന്നാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്. പൈപ്പിൽ നിന്നും മുടങ്ങാതെ ശുദ്ധജലം കിട്ടാൻ എന്നും വോട്ടിടൽ വന്നാൽ മതിയായിരുന്നു എന്നാണ് കോയിപ്പാടി കടപ്പുറത്തുകാർ പ്രാർത്ഥിക്കുന്നത്.