mouth-ulser

വായ്പ്പുണ്ണി​ന്റെ കടുത്തവേദനയാൽ ഭക്ഷണം കഴിക്കാൻപോലുമാവാത്തവർ ഏറെയുണ്ട്. പല കാരണങ്ങൾ കൊണ്ട് വായ്പ്പുണ്ണുണ്ടാകാം. ചുവന്ന നിറത്തിൽ വട്ടത്തിലുള്ള മുറിവോ തടിപ്പോ ആയാണ് ഇവ കാണുന്നത്. മാനസിക സമ്മർദ്ദമുള്ളപ്പോഴും സ്ത്രീകളിൽ ആർത്തവ സമയത്തിനടുത്തോ ഇവ കൂടുതലായി കാണാറുണ്ട്. അമിതമായി ലഹരി ഉപയോഗിക്കുന്നവരിലും വായിൽ വ്രണങ്ങൾ ഉണ്ടാകാം.

ദഹനക്കുറവ്, വൈറ്റമിൻ ബി,സിയുടെ കുറവ്, അമിതമായുള്ള ബേക്കറി ഭക്ഷണങ്ങൾ കഴിക്കുക, കൃത്രിമമായുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം, പനി, മറ്റ് അസുഖങ്ങൾ, വയറുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങൾ എന്നിവയൊക്കെ ഇതിന് കാരണങ്ങളാണ്.
വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജിയാലും വായിൽ വ്രണങ്ങൾ രൂപപ്പെടാം. ടൂത്ത്‌പേസ്റ്റുകളിൽ അടങ്ങിയ സോഡിയം ലോറൈൽ സൾഫേറ്റും വാനിലിനും വായ്പ്പുണ്ണുണ്ടാക്കുന്നവയാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവർക്ക് ഇത് വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘർഷവും വായ്പ്പുണ്ണിന്റെ കാരണമായി പറയുന്നു.

വായ്പ്പുണ്ണ് കൊണ്ട് പ്രശ്നം അനുഭവിക്കുന്നവർ കഴിവതും സസ്യാഹാരത്തിലേക്ക് മാറുന്നതാണ് ഗുണകരം. ധാരാളം വെള്ളം കുടിക്കണം. വായ്പ്പുണ്ണിന് ഏറ്റവും നല്ല പ്രതിവിധി മോര് കഴിക്കുകയാണ്. വായ്പ്പുണ്ണുള്ള സമയങ്ങളിൽ നല്ല പുളിയുള്ള മോര് കഴിക്കുന്നത് ശീലിക്കുക. മറ്റൊരു പ്രതിവിധി തേനാണ്. പല രോഗങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് തേൻ. തേൻ കവിൾ കൊള്ളുന്നത് രോഗത്തിന് ആശ്വാസം നല്കും. ചെറുനാരങ്ങാനീരും സമം ശുദ്ധ വെള്ളവും ചേർത്ത് കവിൾ കൊള്ളുന്നതും ഗുണകരമാകും.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ

ഫോൺ: 9846366000